LiveTV

Live

Kerala

പ്രവാസിയുടെ ആത്മഹത്യ; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തെന്ന് മന്ത്രി എ.സി മൊയ്തീന്‍

ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നേരത്തെ പുറത്തുവിട്ടത് വിവാദമായി...

പ്രവാസിയുടെ ആത്മഹത്യ; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തെന്ന് മന്ത്രി എ.സി മൊയ്തീന്‍

കോടികള്‍ മുടക്കിയ പദ്ധതിക്ക് നഗരസഭ ഉടക്കുവച്ചതില്‍ മനംനൊന്ത് പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നേരത്തെ പുറത്തുവിട്ടത് വിവാദമായി. സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കാന്‍ പാര്‍ട്ടിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചു.

കണ്ണൂരിലെ ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ്, എഞ്ചിനീയര്‍ കെ കലേഷ്, ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, വി സുധീര്‍ എന്നിവരെയാണ് സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമികമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

എന്നാല്‍, സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ സസ്‌പെന്‍ഷന്‍ വിവരം പുറത്തുവിട്ടു.

ഈ നടപടിയോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചത്. പാര്‍ട്ടി സെക്രട്ടറിക്ക് എവിടെനിന്നാണ് വിവരം കിട്ടിയതെന്ന് മന്ത്രി ചോദിച്ചു. നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്യമാക്കുന്നതില്‍ അനാവശ്യ കാലതാമസം വരുന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. സംരംഭകരുടെ പരാതികള്‍ പരിഹരിക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും എ.സി മൊയ്തീന്‍ അറിയിച്ചു.