LiveTV

Live

Kerala

ഇരവിപുരത്ത് പുലിമുട്ട് നിര്‍മ്മാണം വേഗത്തിലാക്കണം; സമരം ശക്തമാക്കി തീരദേശവാസികൾ

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ കൊല്ലം മുതല്‍ താന്നി വരെയുള്ള റോ‍ഡിന്റെ പകുതിയോളം ഭാഗം കടലെടുത്തു. 

ഇരവിപുരത്ത് പുലിമുട്ട് നിര്‍മ്മാണം വേഗത്തിലാക്കണം; സമരം ശക്തമാക്കി തീരദേശവാസികൾ

കൊല്ലം ഇരവിപുരത്ത് പുലിമുട്ട് നിര്‍മ്മാണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി സമരം ശക്തമാക്കുകയാണ് തീരദേശവാസികൾ. പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ കൊല്ലം മുതല്‍ താന്നി വരെയുള്ള റോ‍ഡിന്റെ പകുതിയോളം ഭാഗം കടലെടുത്തു. പ്രദേശത്തെ വീടുകള്‍ നശിക്കുന്നതിനു മുന്‍പ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തീരദേശവാസികള്‍ ഇറിഗേഷന്‍ ഓഫീസ് ഉപരോധിച്ചു. അതേസമയം തീരസംരക്ഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി.

കൊല്ലം ബീച്ച് മുതല്‍ താന്നിവരെയുള്ള തീരദേശറോഡ് പാതിയും നശിച്ചിട്ട് വര്‍ഷങ്ങളായി. ചാനാക്കഴികം ഭാഗത്ത് നിലവില്‍ റോഡ് പോലുമില്ല. എല്ലാം കടലെടുത്തുകൊണ്ടിരിക്കുന്നു. കടലില്‍ പുലിമുട്ടുകള്‍ സ്ഥാപിച്ച് തീരം സംരക്ഷിക്കുകയാണ് പോംവഴി. ഇതിനായി 26 പുലിമുട്ടുകളുടെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയായത് 11 എണ്ണം മാത്രം. ഇതാകട്ടെ ജനവാസമില്ലാത്ത മേഖലകളിലും. കടല്‍ക്ഷോഭത്തില്‍ കടല്‍ റോഡും കടന്ന് വീട്ടിലേക്കെത്തിയതോടെ ആശങ്കയിലാണ് തീരദേശവാസികള്‍. ശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം ആവശ്യപ്പെട്ട് തീരദേശവാസികള്‍ ഇറിഗേഷന്‍ ഓഫീസ് ഉപരോധിച്ചു.

മുന്‍സര്‍ക്കാര്‍ അനുവദിച്ച പുലിമുട്ടുകള്‍ ഇടതുസര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം. എന്നാല്‍ കരിങ്കല്ലുകള്‍ കിട്ടാനില്ലാത്തതാണ് നിര്‍മ്മാണം വൈകാന്‍ കാരണമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. നിര്‍മ്മാണം വൈകുന്നതിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തില്‍ തീരദേശത്ത് ശനിയാഴ്ച രാപ്പകല്‍ സമരം നടത്തും.