LiveTV

Live

Kerala

മുസ്ലിം ലീഗിന്റെ ഉടക്ക്; സുന്നി ഐക്യചര്‍ച്ച സ്തംഭിച്ചു

സാദിഖലി തങ്ങളുടെ വിസമ്മതം മൂലം കഴിഞ്ഞ നാല് മാസമായി ഐക്യചര്‍ച്ച നടക്കാത്ത സ്ഥിതിയാണ്.

മുസ്ലിം ലീഗിന്റെ ഉടക്ക്; സുന്നി ഐക്യചര്‍ച്ച സ്തംഭിച്ചു

മുന്‍കാലത്ത് നടന്നിട്ടില്ലാത്തവിധം സജീവമായി മുന്നേറിയ സുന്നി ഐക്യചര്‍ച്ച മുസ്ലിം ലീഗിന്റെ തന്ത്രപരമായ ഉടക്കിനെ തുടര്‍ന്ന് സ്തംഭിച്ചു. യു.ഡി.എഫ് വിരുദ്ധ പക്ഷത്ത് നില്‍ക്കുന്ന കാന്തപുരവുമായി ഇ.കെ വിഭാഗം ഐക്യമുണ്ടാക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

ഐക്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന സമിതിയുടെ ആലങ്കാരിക ചെയര്‍മാന്‍ പദവി വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളെ ഉപയോഗിച്ചാണ് ലീഗിന്റെ ഇടപെടല്‍. ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ കൂടിയായ സാദിഖലി തങ്ങള്‍ ഇതുവരെ നടന്ന പന്ത്രണ്ട് ഔദ്യോഗിക സിറ്റിംഗുകളില്‍ പതിനൊന്നിലും പങ്കെടുത്തിരുന്നില്ല.

സാദിഖലി ശിഹാബ് തങ്ങള്‍
സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം റസ്റ്റ് ഹൗസില്‍ നടന്ന അവസാന സിറ്റിംഗില്‍ പങ്കെടുത്ത സാദിഖലി തങ്ങള്‍ ചര്‍ച്ചയുടെ നിയന്ത്രണം ഏറ്റെടുത്തു. അടുത്ത സിറ്റിംഗിന് തിയ്യതി നിശ്ചയിക്കാന്‍ മധ്യസ്ഥ സമിതിയില്‍ സജീവമായി നില്‍ക്കുന്നവര്‍ ബന്ധപ്പെട്ടപ്പോള്‍ തല്‍ക്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടാണ് സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. സാദിഖലി തങ്ങളുടെ വിസമ്മതം മൂലം കഴിഞ്ഞ നാല് മാസമായി ഐക്യചര്‍ച്ച നടക്കാത്ത സ്ഥിതിയാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയ മുടിക്കോട് ജുമാമസ്ജിദ് തുറന്നതുള്‍പ്പെടെ എ.പി- ഇ.കെ സുന്നികള്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഒരു വര്‍ഷത്തോളം തുടര്‍ന്ന ചര്‍ച്ചകള്‍ വഴിവെച്ചിരുന്നു. എ.പി- ഇ.കെ വിഭാഗം പണ്ഡിത സമിതികളിലെ നാല് വീതം അംഗങ്ങള്‍ നിരന്തരം കൂടിയിരുന്നത് പരസ്പരം അറിയാനും തെറ്റിദ്ധാരണകള്‍ മാറാനും കാരണമായി.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍

ചില മസ്ജിദുകളിലെ തര്‍ക്കങ്ങള്‍, ഗ്രാന്‍ഡ് മുഫ്തി വിവാദം തുടങ്ങിയവയെല്ലാം ഇടക്കാലത്ത് ഉയര്‍ന്നുവന്നെങ്കിലും അണികള്‍ പ്രകോപിതരാകുകയോ ഏറ്റുമുട്ടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായില്ല. ഐക്യചര്‍ച്ചകള്‍ നടക്കുന്നതിന്റെ ഭാഗമായി ഇരു വിഭാഗം അണികള്‍ക്കിടയിലും മഞ്ഞുരുക്കമുണ്ടായി. തൃശൂരില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ എ.പി വിഭാഗത്തിന്റെ സ്ഥാപനത്തില്‍ ആവേശത്തോടെ സ്വീകരിക്കുന്ന സ്ഥിതി പോലുമുണ്ടായി.

അടുത്ത സിറ്റിംഗിന് തിയ്യതി നിശ്ചയിക്കാന്‍ മധ്യസ്ഥ സമിതിയില്‍ സജീവമായി നില്‍ക്കുന്നവര്‍ ബന്ധപ്പെട്ടപ്പോള്‍ തല്‍ക്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടാണ് സാദിഖലി തങ്ങള്‍ സ്വീകരിച്ചത്

സുന്നി ഐക്യ നീക്കങ്ങളെ തുടക്കം മുതല്‍ സംശയത്തോടെയാണ് മുസ്ലിം ലീഗ് വീക്ഷിച്ചത്. കാന്തപുരം വിഭാഗത്തോട് സ്വതന്ത്രമായി സമസ്ത സഹവസിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന തോന്നലാണ് ലീഗിന്റെ ആശങ്കക്ക് അടിസ്ഥാനം. എല്‍.ഡി.എഫ് അനുകൂല നിലപാടാണ് കാലങ്ങളായി കാന്തപുരം വിഭാഗം സ്വീകരിക്കുന്നത്. കാന്തപുരം ഗ്രൂപ്പിനോട് സഹകരിക്കുക വഴി ഇ.കെ വിഭാഗത്തിന്റെ രാഷ്ട്രീയ സമീപനം മാറുമെന്നാണ് ലീഗ് കരുതുന്നത്.

ഐക്യചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഡോ. ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട് കാന്തപുരം വിഭാഗത്തിനെതിരെ തുടര്‍ച്ചയായി രംഗത്തെത്തിയതിനു പിന്നില്‍ ലീഗിന്റെ ഇടപെടല്‍ സംശയിക്കുന്നവരുണ്ട്. എന്നിട്ടും ഐക്യചര്‍ച്ചകള്‍ തടസമില്ലാതെ നടന്നു. മധ്യസ്ഥ സമിതിയുടെ ചെയര്‍മാനായിട്ടും അതുവരെ ചര്‍ച്ചകളില്‍ നിന്ന് മാറിനിന്ന സാദിഖലി തങ്ങള്‍ അവസാന ചര്‍ച്ചയില്‍ പങ്കെടുത്തു.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ  
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ  

ഐക്യത്തിന് പിന്തുണ അറിയിച്ചാണ് പിരിഞ്ഞതെങ്കിലും അടുത്ത ചര്‍ച്ചക്കുള്ള ആലോചനകളെ അവഗണിക്കുന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. ഐക്യത്തിന് ശ്രമിക്കേണ്ടതില്ലെന്ന സന്ദേശം മധ്യസ്ഥ ചര്‍ച്ചക്ക് മുന്‍കൈ എടുത്ത ഡോ. അബ്ദുള്‍ ലത്തീഫ് അടക്കമുള്ളവര്‍ക്ക് സാദിഖലി തങ്ങള്‍ നല്‍കിയെന്നാണ് വിവരം. മുസ്ലിം ലീഗിനെ കൂടി ഒപ്പം കൂട്ടാതെ ചര്‍ച്ച സാധ്യമല്ലെന്ന സന്ദേശം സമസ്തയിലെ പ്രമുഖര്‍ക്ക് ലീഗ് നല്‍കിയതായും വിവരമുണ്ട്.

ഐക്യചര്‍ച്ചകള്‍ക്ക് ലീഗ് ഉടക്കിട്ടതില്‍ സമസ്തയിലെ യുവ നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. തെരഞ്ഞെടുപ്പുകളില്‍ പിന്തുണ തേടി കാന്തപുരവുമായി രഹസ്യമായും പരസ്യമായും ലീഗ് നേതൃത്വം ചര്‍ച്ചകള്‍ നടത്താറുണ്ട്. പിന്നെ എന്തുകൊണ്ട് തങ്ങള്‍ക്ക് ചര്‍ച്ച നടത്തിക്കൂടാ എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.