LiveTV

Live

Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കേണ്ടതായിരുന്നുവെന്ന് സി.പി.എം

നഗരസഭാ ഭരണ സമിതിയെ പരസ്യമായി കുറ്റപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും സാജന്റെ കാര്യത്തില്‍ നീതി നിഷേധമുണ്ടായന്ന് നേതാക്കള്‍ പറഞ്ഞു.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കേണ്ടതായിരുന്നുവെന്ന് സി.പി.എം

കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെറ്റ് സംഭവിച്ചതായി വിലയിരുത്തി സി.പി.എം. നഗരസഭ ഭരണ സമിതിക്ക് തെറ്റ് പറ്റിയെന്ന് പരസ്യമായി പറഞ്ഞില്ലെങ്കിലും സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കേണ്ടതായിരുന്നുവെന്ന് സി.പി.എം ജില്ലാ നേതാക്കള്‍ പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.എം നിയന്ത്രണത്തിലുളള ആന്തൂര്‍ നഗരസഭ ഭരണസമിതിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, കേന്ദ്രകമ്മറ്റി അംഗം പി.കെ ശ്രീമതി. സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്‍ എന്നിവര്‍ ഇന്ന് സാജന്റെ വീട് സന്ദര്‍ശിച്ചത്. നഗരസഭാ ഭരണ സമിതിയെ പരസ്യമായി കുറ്റപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും സാജന്റെ കാര്യത്തില്‍ നീതി നിഷേധമുണ്ടായന്ന് നേതാക്കള്‍ പറഞ്ഞു.

Also read: പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തി

Also read: വ്യവസായി ആത്മഹത്യ ചെയ്തതിന് കാരണം ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി നല്‍കാത്തതാണെന്ന് ഭാര്യ 

ഇതിനിടെ സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഈ ആവശ്യമുന്നയിച്ച് യു.ഡി.എഫ് ഇന്ന് ആന്തൂര്‍ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, മുനവ്വറലി തങ്ങള്‍, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ബി.ജെ.പി നേതാവ് കെ.സുരേന്ദന്‍ തുടങ്ങിയവരും ഇന്ന് സാജന്റെ വീട് സന്ദര്‍ശിച്ചു.