LiveTV

Live

Kerala

കെ.ടി അദീബ് ശമ്പളം സര്‍ക്കാരിലേക്ക് തിരിച്ചടച്ചു; അടച്ചത് 55,750 രൂപ

20 ദിവസത്തെ ശമ്പളവും അലവന്‍സും സഹിതം 55,750 രൂപയാണ് നല്‍കിയത്. 

കെ.ടി അദീബ് ശമ്പളം സര്‍ക്കാരിലേക്ക് തിരിച്ചടച്ചു; അടച്ചത് 55,750 രൂപ

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തിരുന്നപ്പോള്‍ ലഭിച്ച ശമ്പളം കെ.ടി അദീബ് സര്‍ക്കാരിലേക്ക് തിരിച്ചടച്ചു. 20 ദിവസത്തെ ശമ്പളവും അലവന്‍സും സഹിതം 55,750 രൂപയാണ് നല്‍കിയത്. അദീപിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കോടതി നടപടികള്‍ അനുകൂലമാക്കുന്നതിന് വേണ്ടിയാണ് പണം തിരികെ നല്‍കിയതെന്നാണ് സൂചന.

മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെടി അദീബിന്റെ നിയമനം വലിയ വിവാദമായ സാഹചര്യത്തില്‍ അദീബ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. നിയമന വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന മുസ്ലീംയൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് കോടതി പരിഗണനയിലിരിക്കെയാണ് കെ.ടി അദീബ് ജനറല്‍ മാനേജര്‍ പദവിയിലിരുന്നപ്പോള്‍ ലഭിച്ച ശമ്പളവും അലവന്‍സും തിരിച്ചു കൊടുത്തത്.2018 ഒക്ടോബര്‍ 12 മുതല്‍ 30 വരെ ജനറല്‍ മാനേജര്‍ പദവിയിരുന്ന അദീപ് 55,640 രൂപയാണ് കൈപ്പറ്റിയത്.55,750 രൂപ തിരിച്ചടച്ചു.

പദവിയില്‍ നിന്ന് രാജി വയ്ക്കുകയും കൈപ്പറ്റിയ തുക തിരിച്ചടക്കുകയും ചെയ്ത സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാവില്ലന്ന വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. പൊതുമേഖല സ്ഥാപനത്ത് മാനേജര്‍ പദവിയില്‍ പി.കെ ശ്രീമതിയുടെ മകനെ നിയമിച്ച കേസ് പരിഗണിച്ചപ്പോള്‍ ഖജനാവിന് നഷ്ടമുണ്ടായില്ലന്ന് പറഞ്ഞ് കോടതി കേസ് അവസാനിപ്പിച്ചിരുന്നു. പണം തിരിച്ചടച്ചതോടെ ഈ കേസിലും സമാന വിധി ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.