LiveTV

Live

Kerala

‘ആദ്യത്തെ കഷ്ണം മുഖ്യമന്ത്രിക്ക്’: ശാന്തിവനത്തില്‍ മുടിമുറിച്ച് പ്രതിഷേധം

ശാന്തിവനം ഉടമ മിനി മുടി മുറിച്ചാണ് പ്രതിഷേധിച്ചത്.

‘ആദ്യത്തെ കഷ്ണം മുഖ്യമന്ത്രിക്ക്’: ശാന്തിവനത്തില്‍ മുടിമുറിച്ച് പ്രതിഷേധം

എറണാകുളം പറവൂരിലെ ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങൾ കെ.എസ്.സി.ബി ഉദ്യോഗസ്ഥർ മുറിച്ചു തുടങ്ങി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് കെ.എസ്.ഇ.ബി ശിഖരങ്ങൾ മുറിച്ച് മാറ്റാൻ ആരംഭിച്ചത്. മരങ്ങളുടെ ശിഖരം മുറിച്ചതിനെതിരെ സ്ഥലമുടമ മീന മേനോൻ മുടി മുറിച്ച് പ്രതിഷേധിച്ചു.

ടവർ നിർമ്മാണം പൂർത്തിയായതിനെ തുടർന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വൈദ്യുത ടവറിനു സമീപമുള്ള എട്ടു മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തിയത്. 13.5 മീറ്ററിൽ കൂടുതൽ ഉയരത്തിൽ ഉള്ള മരച്ചില്ലകളാണ് മുറിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥലമുടമ മീന മേനോന് കെ.എസ്.ഇ.ബി നോട്ടീസും നൽകിയിരുന്നു. ഇതനുസരിച്ച് മരച്ചില്ലകൾ മുറിക്കാനെത്തിയ ഉദ്യോഗസ്ഥരെ ശാന്തി വനം സംരക്ഷണ സമിതി രാവിലെ തടഞ്ഞിരുന്നു. തുടർന്ന് ഉച്ചയോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ താൽകാലികമായി പിന്മാറി. പിന്നീട് ഉച്ചക്കു ശേഷം മൂന്നു മണിയോടെ കൂടുതൽ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മരച്ചില്ലകൾ മുറിക്കാൻ ആരംഭിച്ചു. ഇതോടെയാണ് സ്ഥലമുടമ സ്വന്തം മുടി മുറിച്ചു കൊണ്ട് പ്രതിഷേധിച്ചത്.

ശിഖരം മുറിക്കാനെന്ന പേരിൽ മരങ്ങൾ മുറിക്കാനാണ് കെ.എസ്.ഇ.ബിയുടെ നീക്കമെന്നാണ് മീന മേനോൻ ആരോപിക്കുന്നത്. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം ആയതിനാൽ കേസ് തീർപ്പാകും വരെ നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്നായിരുന്നു ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം.