LiveTV

Live

Kerala

ബിനോയ് കോടിയേരിക്കെതിരായ പരാതി: മുംബൈ പൊലീസ് കണ്ണൂരിലെത്തി

മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. ബിനോയിയുടെ കണ്ണൂരിലെ രണ്ട് വിലാസമാണ് പരാതിക്കാരി നല്‍കിയിരുന്നത്.

ബിനോയ് കോടിയേരിക്കെതിരായ പരാതി: മുംബൈ പൊലീസ് കണ്ണൂരിലെത്തി

ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ അന്വേഷണം നടത്തുന്നതിനായി മുംബൈ പൊലീസ് കണ്ണൂരിലെത്തി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിയുടെ രണ്ട് മേല്‍വിലാസങ്ങള്‍ കണ്ണൂരിലേതാണ്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുമായി പൊലീസ് സംഘം കൂടിക്കാഴ്ച നടത്തി.

മുംബൈ ഓഷ്വാര പോലീസ് സ്റ്റേഷനിലാണ് ബിനോയ് കോടിയേരിക്കെതിരെ പെണ്‍കുട്ടി പീഡന പരാതി നല്‍കിയിട്ടുളളത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഓഷ്വാര സ്റ്റേഷനിലെ എസ്.ഐ വിനായക് യാദവ്, സിവില്‍ പൊലീസ് ഓഫീസര്‍ ദയാനന്ദ് പവാര്‍ എന്നിവര്‍ ഇന്ന് ഉച്ചയോടെ കണ്ണൂരിലെത്തിയത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേസിന്‍റെ വിശദാംശങ്ങള്‍ ഇദ്ദേഹത്തെ ധരിപ്പിച്ചതായാണ് വിവരം. ഒപ്പം പെണ്‍കുട്ടി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നാരോപിച്ച് ബിനോയ് കോടിയേരി നല്‍കിയ പരാതിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ബിനോയിയെ തൊട്ടടുത്ത ദിവസം മുംബൈ പൊലീസ് നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാർ സ്വദേശിനി മുംബൈ പോലീസിൽ പരാതി നൽകിയത്. ആ ബന്ധത്തിൽ എട്ട് വയസുളള കുട്ടിയുണ്ടെന്നും ദുബൈയിൽ ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന യുവതി പരാതിയില്‍ പറയുന്നു. ഈ മാസം 13നാണ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിട്ടുളളത്.

അതേസമയം തനിക്കെതിരെ ബ്ലാക്ക് മെയിലിങാണ് നടക്കുന്നതെന്നും പരാതിയെ നിയമപരമായി നേരിടുമെന്നും ബിനോയ് പ്രതികരിച്ചു. ആറ് മാസം മുൻപ് യുവതി ഭീഷണി സ്വരമുളള നോട്ടീസ് അയച്ചിരുന്നെന്നും ഇതിൽ കഴിഞ്ഞ മെയ് മാസം കണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിനോയ് പറ‍ഞ്ഞു. പരാതി കിട്ടിയ കാര്യം കണ്ണൂർ എസ്.പി സ്ഥിരീകരിച്ചു. പരാതി പരിശോധിക്കുകയാണെന്നും ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും എസ്.പി അറിയിക്കുകയുണ്ടായി.