LiveTV

Live

Kerala

ബിനോയ് കോടിയേരിക്കെതിരെ യുവതി സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്ന് സൂചന

പരാതി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയെന്നാണ് വിവരം.

ബിനോയ് കോടിയേരിക്കെതിരെ യുവതി സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്ന് സൂചന

ബിനോയ് കോടിയേരിക്കെതിരെ പൊലീസിനെ സമീപിച്ച യുവതി സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയതായി സൂചന. പരാതി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയെന്നാണ് വിവരം. അതേസമയം വിവാദത്തിന്‍റെ പേരില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാകുന്നതിനെ വിമര്‍ശിച്ച് മന്ത്രി എ.കെ ബാലന്‍ രംഗത്ത് വന്നു.

പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയണ് സി.പി.എം കേന്ദ്ര നേതൃത്വത്തിനും യുവതി പരാതി നല്‍കിയെന്ന വിവരം പുറത്ത് വരുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നതായാണ് സൂചന. സി.പി.എം കേന്ദ്രനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷയത്തെ പൂര്‍ണമായും തള്ളിക്കളയാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുകയുമില്ല.

അതേസമയം ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ യാതോരു തരത്തിലുള്ള പ്രതിരോധവും തീര്‍ക്കേണ്ടെന്ന ധാരണ നേതൃതലത്തിലുണ്ടായിട്ടുണ്ട്. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയം വ്യക്തിപരമാണെന്നും പാര്‍ട്ടി അത് പരിശോധിക്കേണ്ടതില്ലെന്നുമാണ് നേതാക്കളുടെ നിലപാട്.

സംസ്ഥാന സെക്രട്ടറിയുടെ മക്കളുമായി ബന്ധപ്പെട്ട തുടർച്ചയായ വിവാദങ്ങളിൽ പാര്‍ട്ടി പ്രതിക്കൂട്ടിലാവുന്നതില്‍ നേതൃതലത്തില്‍ കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത വിവാദങ്ങളില്‍ പോലും സി.പി.എം പ്രതിരോധത്തിലാവുകയും മറുപടി പറയേണ്ടിയും വരുന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ ആഴ്ച അവസാനം നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലും വിഷയം ഉയര്‍ന്ന് വന്നേക്കാം.