LiveTV

Live

Kerala

ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം പുനര്‍ചിത്രീകരിച്ചു

വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്.

ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം പുനര്‍ചിത്രീകരിച്ചു

ബാലഭാസ്കറിന്‍റെ മരണത്തിന് ഇടയാക്കിയ അപകടം പുനര്‍ ചിത്രീകരിച്ച് ക്രൈംബ്രാഞ്ച്. ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം പള്ളിപ്പുറത്താണ് അപകടം പുനര്‍ ചിത്രീകരിച്ചത്. അപകടത്തില്‍പ്പെട്ട ഇന്നോവയില്‍ വിശദമായ പരിശോധനയും ക്രൈംബ്രാഞ്ച് നടത്തി.

ഉച്ചയ്ക്ക് ഒന്നരയോടെ ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരം ഹൈവേ പൊലീസ് പള്ളിപ്പുറം മംഗലപുരം ഭാഗത്ത് ദേശീയപാത ബ്ലോക്ക് ചെയ്തു. തുടര്‍ന്നാണ് ബാലഭാസ്കറുടെയും മകളുടെയും ജീവനെടുത്ത ദാരുണമായ അപകടം ക്രൈംബ്രാഞ്ച് പുനര്‍ചിത്രീകരിച്ചത്. നിപ്പോണ്‍ ടയോട്ടയിലെ എഞ്ചിനീയര്‍മാരും ക്രൈംബ്രാഞ്ച് എസ്.ഐ ഉണ്ണികൃഷ്ണനും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദും വാഹനത്തിലുണ്ടായിരുന്നു. മംഗലപുരത്ത് നിന്നെടുത്ത ഇന്നോവ 95 കിലോമീറ്റര്‍ വേഗതയില്‍ ബാലഭാസ്കറിന്‍റെ വാഹനമിടിച്ച മരത്തിന് സമീപം സഡന്‍ ബ്രേക്ക് ചെയ്തു. വാഹനം തെന്നിമാറി മരത്തിന് സമീപത്തായി നിന്നു. സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടിയാണ് അപകടം പുനര്‍ചിത്രീകരിച്ചതെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ ഹരികൃഷ്ണന്‍ പറഞ്ഞു.

രാവിലെ ബാലഭാസ്കറിന്‍റെ ഇന്നോവയില്‍ പരിശോധന നടത്തിയ ഫോറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിച്ചു. ലക്ഷ്മി, അര്‍ജുന്‍ എന്നിവര്‍ ധരിച്ചെന്ന് കരുതപ്പെടുന്ന സീറ്റ് ബെല്‍റ്റിന്‍റെ ഭാഗം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ബാലഭാസ്കറിന്‍റെ മരണശേഷം 200 കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി വിഷ്ണുവും പ്രകാശന്‍ തമ്പിയും കടത്തിയെന്ന് റവന്യൂ ഇന്‍റലിജന്‍സ് സ്ഥിരീകരിച്ചു. ബാലഭാസ്കറിന്‍റെ മരണശേഷമാണ് ഇവര്‍ സ്വര്‍ണക്കടത്തില്‍ ഏര്‍പ്പെട്ടതെന്നും റവന്യൂ ഇന്‍റലിജന്‍സ് അറിയിച്ചു. ബാലഭാസ്കറിന്‍റെ ദുരൂഹ മരണത്തില്‍ വിഷ്ണു സോമസുന്ദരത്തെ ക്രൈംബ്രാഞ്ച് പിന്നീട് ചോദ്യം ചെയ്തു.