LiveTV

Live

Kerala

റാഗിങ്; മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

അനസിനോട് മുതിർന്ന വിദ്യാർഥികൾ താടി കളഞ്ഞു മാത്രമേ സ്കൂളിൽ വരാവൂ എന്ന് നിർദ്ദേശിച്ചിരുന്നു. ഇതനുസരിക്കാതിരുന്നതിനാണ് മര്‍ദ്ദിച്ചത്

റാഗിങ്; മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

മലപ്പുറം പാണക്കാട് റാഗിങ്ങിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം. പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ച വിദ്യാർഥിയെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികൾക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട്‌ വിദ്യാർഥിയുടെ പിതാവ് മലപ്പുറം പൊലീസിൽ പരാതി നൽകി. മലപ്പുറം പാണക്കാട് ഡി.യു.എച്ച്.എസ്.എസ് ലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിക്കാണ് റാഗിങിനിടെ ക്രൂര മർദ്ദനമേറ്റത്. കോട്ടപ്പടി പള്ളിക്കര വളപ്പിൽ ഷാജിയുടെ മകൻ മുഹമ്മദ് അനസിനോട് മുതിർന്ന വിദ്യാർഥികൾ താടി കളഞ്ഞു മാത്രമേ സ്കൂളിൽ വരാവൂ എന്ന് നിർദ്ദേശിച്ചിരുന്നു.

താക്കീതായി നൽകിയ സമയപരിധിക്ക് ശേഷവും അനസ് താടി ഒഴിവാക്കാതെ സ്കൂളിൽ എത്തിയതാണ് മർദ്ദനത്തിലേക്ക്‌ നയിച്ചത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത്, പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി. ആക്രമണത്തിൽ വിദ്യാർഥിയുടെ മൂക്കിനും കണ്ണിനും സാരമായ പരിക്കുണ്ട്. ആദ്യം മലപ്പുറം കോട്ടപ്പടി ആശുപത്രിയിൽ എത്തിച്ച വിദ്യാർഥിയെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഘം നിരന്തരമായി അനസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പിതാവ് മലപ്പുറം പൊലീസിൽ പരാതി നൽകി.