LiveTV

Live

Kerala

ഖാദർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നത് ഭരണപരമായ സൗകര്യത്തിനുള്ള ഏകീകരണമാണ് യാഥാർഥ്യമാകുന്നതെന്ന് സർക്കാർ

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള സർക്കാർ നടപടി സെക്കൻഡറി വിഭാഗങ്ങളുടെ വെറും ലയനമല്ലെന്നുമാണ് സർക്കാർ ഹൈകോടതിയെ അറിയിച്ചത്.

 ഖാദർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നത് ഭരണപരമായ സൗകര്യത്തിനുള്ള ഏകീകരണമാണ് യാഥാർഥ്യമാകുന്നതെന്ന് സർക്കാർ

ഖാദർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നതിലൂടെ ഭരണപരമായ സൗകര്യത്തിന് വേണ്ടിയുള്ള ഏകീകരണമാണ് യാഥാർഥ്യമാകുന്നതെന്ന് സർക്കാർ. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള സർക്കാർ നടപടി സെക്കൻഡറി വിഭാഗങ്ങളുടെ വെറും ലയനമല്ലെന്നുമാണ് സർക്കാർ ഹൈകോടതിയെ അറിയിച്ചത്. ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ സമർപിച്ച ഹരജിയിൽ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി അജി ഫിലിപ്പണ് സർക്കാരിന് വേണ്ടി വിശദീകരണം നൽകിയത്. സമൂഹത്തിന്റെയും വിദ്യാർഥി സമൂഹത്തിന്റെ ഉത്തമ താൽപര്യം മുൻനിറുത്തി, വിദ്യാഭ്യാസ വിചക്ഷണർ ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തിയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

സ്കൂളുകൾക്ക് ഒന്നിലേറെ മേധാവികളുള്ള നിലവിലെ സംവിധാനത്തിൽ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടു നേരിടുന്നുണ്ട്. അതിനാൽ പൊതുവിദ്യാഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവ ഏകീകരിച്ച് മൂന്നു ഡയറക്ടർമാരുടെയും അധികാരം ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷനിൽ നിക്ഷിപ്തമാക്കി. ഒന്നു മുതൽ 12 വരെ ക്ലാസുകളുള്ള സ്കൂളുകളിൽ പ്രിൻസിപ്പലായിരിക്കും മേധാവി. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ അക്കാദമിക് - ഭരണ ചുമതലകൾ പ്രിൻസിപ്പലിനായിരിക്കും. ഇത്തരം സ്കൂളുകളിൽ ഹെഡ്മാസ്റ്റർ പദവി വൈസ് പ്രിൻസിപ്പൽ എന്നാക്കും. എന്നാൽ, ഹെഡ് മാസ്റ്റർമാരുടെ അക്കാദമിക് - ഭരണ അധികാരത്തിൽ മാറ്റമുണ്ടാവില്ല.

പരീക്ഷകൾ ഒരു സംവിധാനത്തിനു കീഴിലാക്കിയതോടെ അധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടി നിശ്ചയിച്ചു നൽകുന്നതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവും. പരീക്ഷാ നടത്തിപ്പ് സുഗമമാക്കാനും ചെലവു കുറക്കാനും കഴിയും. പരീക്ഷാ ടൈംടേബിൾ ഏകോപിപ്പിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രവൃത്തിദിനങ്ങൾ ലഭ്യമാക്കാനാവുമെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ കെ.ഇ.ആര്‍ ഭേദഗതി വരുത്താത്തതിനാലാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി താൽകാലികമായി സ്റ്റേ ചെയ്തത്.