LiveTV

Live

Kerala

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിമര്‍ശനം.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിമര്‍ശനം. പൊലീസിന് മേല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന് നിയന്ത്രണമില്ലേയെന്നും കോടതി ചോദിച്ചു. ഡി.ജി.പിയെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ക്കാനും ഉത്തരവിട്ടു.

തിരുവനന്തപുരം നന്ദവനത്തെ പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി അംഗം പി. പ്രതാപ് ചന്ദ്രനാണ് കോടതിയെ സമീപിച്ചത്. നേരത്തെ വിതരണം ചെയ്ത തിരിച്ചറിയൽ കാർഡ് ജോ. രജിസ്ട്രാറുടെ ഉത്തരവിനെ തുടർന്ന് റദ്ദാക്കി. പുതിയ തിരിച്ചറിയൽ കാർഡ് നൽകാൻ അഡ്മിനിസ്ട്രേറ്റർ നടപടി തുടങ്ങി. എന്നാൽ വരുന്ന 27നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ജൂൺ 11 വരെ ഒരു പാസ് പോലും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പുകളും അന്ന് വിജ്ഞാപനം ചെയ്തിട്ടുണ്ട്. പൊലീസുകാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ടി വരും. പ്രവൃത്തി ദിവസം വോട്ടിംഗ് നിശ്ചയിക്കുകയും കാർഡ് വിതരണം നടത്താതിരിക്കുകയും ചെയ്യുന്നത് അംഗങ്ങളെ വോട്ടെടുപ്പിൽ നിന്ന് അകറ്റി നിർത്താനാണെന്നായിരുന്നു ഹരജിക്കാരന്‍റ ആരോപണം.

എന്നാല്‍ ഈ തെരഞ്ഞെടുപ്പ് നടന്നാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സഹകരണ സംഘം തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്. സേനാംഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥന്‍ എങ്ങനെ പൊലീസ് സേനയുടെ തലപ്പത്തിരിക്കുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഡി.ജി.പിക്ക് എന്ത് ചുമതലയാണ് വഹിക്കാനുള്ളതെന്ന് അറിയണമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഡി.ജി.പിയെ കേസില്‍ കക്ഷി ചേര്‍ത്തത്. ഈ മാസം 21നകം ഡി.ജി.പിയോട് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു.