LiveTV

Live

Kerala

ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി നല്‍കിയില്ല; കണ്ണൂരില്‍ വ്യവസായി ആത്മഹത്യ ചെയ്തു 

കോടികൾ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ അനുമതി നഗരസഭ തടഞ്ഞുവെച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍.

ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി നല്‍കിയില്ല; കണ്ണൂരില്‍ വ്യവസായി ആത്മഹത്യ ചെയ്തു 

കണ്ണൂരില്‍ പ്രവാസി വ്യവസായിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊറ്റാളി സ്വദേശി പാറയില്‍ സാജനെയാണ് ഇന്ന് പുലര്‍ച്ചെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് നഗരസഭ അകാരണമായി അനുമതി നിഷേധിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ആരോപണം. എന്നാല്‍ അനുമതി വൈകിയത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുളള സ്വാഭാവിക കാലതാമസം മൂലമെന്നാണ് നഗരസഭയുടെ വിശദീകരണം.

രണ്ട് പതിറ്റാണ്ടോളം നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ലഭിച്ച സമ്പാദ്യം ഉപയോഗിച്ചാണ് സാജന്‍ തളിപ്പറമ്പിനടുത്ത് ബക്കളത്ത് പാര്‍ത്ഥാസ് എന്ന പേരില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടം മുതല്‍ തന്നെ ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ പലവിധ തടസവാദങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. മൂന്ന് വര്‍ഷം കൊണ്ടാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്.

എന്നാല്‍ 18 കോടി രൂപയോളം ചെലവഴിച്ച് നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്‍ററിന് അന്തിമാനുമതി നല്‍കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം. ഇന്ന് പുലര്‍ച്ചെ കൊറ്റാളി അരേമ്പത്തെ വീട്ടിലാണ് സാജനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന് അനുമതി ലഭിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം.

സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദന്‍റെ ഭാര്യ പി.കെ ശ്യാമളയാണ് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍. പലവട്ടം സാജന്‍ ഇവരെ നേരില്‍കണ്ട് സംസാരിച്ചെങ്കിലും പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അനുമതി വൈകിയത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുളള സ്വാഭാവിക കാലതാമസം മൂലമാണെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.