LiveTV

Live

Kerala

മലപ്പുറം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട സബ്മിഷനില്‍ നിന്ന് കെ.എന്‍.എ ഖാദര്‍ പിന്മാറി

ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റം.

മലപ്പുറം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട സബ്മിഷനില്‍ നിന്ന് കെ.എന്‍.എ ഖാദര്‍ പിന്മാറി

മലപ്പുറം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലിൽ നിന്ന് മുസ്‌ലിം ലീഗ് എം.എൽ.എ, കെ.എൻ.എ ഖാദർ പിൻമാറി. ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റം. പുതിയ ജില്ലകളുടെ കാര്യത്തിൽ യു.ഡി.എഫ് നയപരമായ തീരുമാനമെടുത്ത ശേഷം തുടർ നടപടികൾ മതിയെന്നാണ് പാർട്ടി നിർദ്ദേശം.

മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം വിവിധ സംഘടനകള്‍ കാലങ്ങളായി മുന്നോട്ട് വയ്ക്കുന്നതാണ്. തിരൂർ കേന്ദ്രമാക്കി മറ്റൊരു ജില്ല രൂപീകരിക്കണമെന്നും മലപ്പുറം ജില്ല നിലവിൽ നേരിടുന്ന വികസന പ്രശ്നത്തിന് ഇതുകൊണ്ടേ പരിഹാരമുണ്ടാകൂ എന്നുമായിരുന്നു ലീഗിന്റെ വാദങ്ങൾ. ഈ വിഷയമാണ് മുസ്‌ലിം ലീഗ് എം.എൽ.എ, കെ.എൻ.എ ഖാദർ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവന്നത്.

മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിലെ ആവശ്യകതയിലേക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാനാണ് നോട്ടീസ് നൽകിയത്. എന്നാൽ ശ്രദ്ധ ക്ഷണിക്കലിനായി സ്പീക്കർ ക്ഷണിച്ചപ്പോൾ കെ.എൻ.എ ഖാദർ സഭയിൽ ഹാജരായിരുന്നില്ല. തുടർന്ന് മറ്റ് നടപടികളിലേക്ക് സ്പീക്കർ കടന്നു. ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എൻ.എ ഖാദർ പിന്മാറിയതെന്നാണ് വിവരം.

പുതിയ ജില്ലകളുടെ കാര്യത്തിൽ യു.ഡി.എഫ് നയപരമായ തീരുമാനം എടുക്കാത്ത പശ്ചാത്തലത്തിൽ വിഷയം സഭയിൽ ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് ലീഗ് നേതൃത്വം കെ.എൻ.എ ഖാദറിനെ അറിയിച്ചത്. മുന്നണി തീരുമാനം വന്ന ശേഷം തുടർനടപടികൾ മതിയെന്ന പാർട്ടി നിർദ്ദേശം അംഗീകരിച്ചാണ് കെ.എൻ.എ ഖാദർ, ശ്രദ്ധ ക്ഷണിക്കലിൽ നിന്ന് പിന്മാറിയത്.

അതേസമയം മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിനുള്ള ശ്രദ്ധ ക്ഷണിക്കല്‍ ലീഗ് എന്തിന് ഒഴിവാക്കിയെന്ന് കാരാട്ട് റസാഖ് ചോദിച്ചു. മലപ്പുറം ജില്ല രൂപീകരിച്ചത് ഇ.എം.എസ് സർക്കാരാണ്. ആ പാത പിന്തുടരുന്ന പിണറായി സർക്കാർ അനുമതി നൽകുമെന്ന് ഭയന്നാണ് ശ്രദ്ധ ക്ഷണിക്കല്‍ ഒഴിവാക്കിയതെന്നും കാരാട്ട് റസാഖ് പറഞ്ഞു.