LiveTV

Live

Kerala

പൊലീസുകാരിയെ തീ കൊളുത്തി കൊന്ന അജാസിനെ സസ്പെന്‍ഡ് ചെയ്തു

സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ ആലുവ റൂറൽ എസ്.പി ഉത്തരവിട്ടു.

പൊലീസുകാരിയെ തീ കൊളുത്തി കൊന്ന അജാസിനെ സസ്പെന്‍ഡ് ചെയ്തു

മാവേലിക്കരയില്‍ സി.പി.ഒയെ പെട്രോളൊഴിച്ച് കൊന്ന പൊലീസുകാരന്‍ അജാസിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ ആലുവ റൂറൽ എസ്.പി ഉത്തരവിട്ടു. അതേസമയം സൗമ്യയെ കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

വൈകുന്നേരത്തോടെയാണ് സൗമ്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജാസിനെ ആലുവ റൂറല്‍ എസ്.പി കെ. കാർത്തിക് സർവ്വീസിൽ നിന്നും സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും റൂറല്‍ എസ്.പി ഉത്തരവിട്ടു. അതേസമയം അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടെ അജാസിന് 70 ശതമാനത്തിലധികം പൊള്ളലേറ്റു. കിഡ്നി തകരാറിലാണ്. രക്തസമ്മർദ്ദം വലിയ തോതിൽ കുറഞ്ഞതിനാൽ ഇന്നും ഡയാലിസിസ് നടത്താനായില്ല. രക്തസമ്മർദ്ദം ഉയർത്താൻ മരുന്നു കുത്തിവെച്ചങ്കിലും അതിനോട് ശരീരം പ്രതികരിച്ചില്ല. പൊള്ളലിനെ തുടർന്നാണ് കിഡ്നികൾ തകരാറിലായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

പൊള്ളലിന് പുറമെ പുകയും ചൂട് വായുവും അകത്ത് പ്രവേശിച്ചത് ശ്വാസകോശ അണുബാധയ്ക്കും കാരണമായിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടാൽ അജാസിൽ നിന്നും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം സൗമ്യയുടെ ഭർത്താവ് നാളെ നാട്ടിലെത്തും. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച നടത്താനാണ് സൗമ്യയുടെ ബന്ധുക്കൾ ആലോചിക്കുന്നത്.