LiveTV

Live

Kerala

ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവിക്ക് സ്റ്റേ

ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ മാണി അച്ചടക്ക നടപടി സ്വീകരിക്കാനോ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയക്കാനോ പാടില്ല. ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് കോടതിയില്‍ ഹരജി നല്‍കിയത്.

ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവിക്ക് സ്റ്റേ

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിക്ക് പ്രവര്‍ത്തിക്കാനാകില്ല. ചെയര്‍മാന്‍ പദവിയില്‍ പ്രവര്‍ത്തിക്കുന്നത് തടഞ്ഞ് തൊടുപുഴ മുന്‍സിഫ് കോടതിയാണ് ഉത്തരവിട്ടത്. ചെയര്‍മാന്‍ എന്ന നിലയില്‍ അച്ചടക്ക നടപടി സ്വീകരിക്കാനോ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയക്കാനോ പാടില്ല. ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ ഇന്ന് രാവിലെ തന്നെ ചെയര്‍മാന്‍ ആരാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നുവെന്ന് ജോസ് കെ മാണി പ്രതികരിച്ചു.

ജോസ് കെ മാണി വിഭാഗത്തിനെതിരെ ആദ്യ പ്രഹരവുമായി പി.ജെ ജോസഫ് വിഭാഗം രംഗത്തെത്തിയതോടെ കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി ചട്ടക്കൂട് കോടതി കയറിത്തുടങ്ങി. ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ് സ്റ്റീഫന്‍, മനോഹര്‍ നടുവിലേത്ത് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനെന്ന പേരില്‍ ഒരധികാരവും ജോസ് കെ മാണിക്കില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഔദ്യോഗികമായി യോഗങ്ങള്‍ വിളിക്കുന്നതിനോ പാര്‍ട്ടി അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും എതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനോ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഔദ്യോഗികമായി കത്ത് നല്‍കുന്നതിനോ ചെയര്‍മാന്‍ ജോസ് കെ മാണിക്ക് സാധിക്കില്ല.

അതേസമയം ചെയര്‍മാന്‍ താനാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് കത്ത് നല്‍കിയെന്നും ചെയര്‍മാന്‍ പദവി ഒഴികെ മറ്റ് പദവികള്‍ക്ക് മാറ്റമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കോടതി ഉത്തരവ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ജോസഫിനൊപ്പം എം.എല്‍.എമാരായ മോന്‍സ് ജോസഫും സി.എഫ് തോമസും യോഗം ചേര്‍ന്ന് ജോസ് കെ മാണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും തീരുമാനിച്ചു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം എം.എല്‍.എമാരുടെ നിയമസഭയിലെ ഇരിപ്പിടത്തിന് മാറ്റമുണ്ടായില്ല.