LiveTV

Live

Kerala

പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു

ഇ.ശ്രീധരൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പാലം പൊളിച്ച് മാറ്റണോ എന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുക.

പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു

നിർമാണ ക്രമക്കേടിനെ തുടർന്ന് ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേൽപ്പാലം ഡി.എം.ആർ.സി ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. പാലത്തിന്റെ നിലനിൽപ്പിനെ പറ്റി ആശങ്കകളുയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ഇ.ശ്രീധരൻ പരിശോധനയ്ക്കെത്തിയത്. ഇ.ശ്രീധരൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പാലം പൊളിച്ച് മാറ്റണോ എന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കുക.

രാവിലെ 8 മണിക്കാരംഭിച്ച പരിശോധന 2 മണിക്കൂറോളം നീണ്ടുനിന്നു. എക്സ്പാൻഷൻ ജോയിന്റുകളിലെ തകരാറടക്കം പാലം മുഴുവനും സംഘം വിശദമായി പരിശോധന വിധേയമാക്കി. ഡി.എം.ആര്‍.സിയില്‍ സഹപ്രവര്‍ത്തകനായിരുന്ന കാണ്‍പൂര്‍ ഐ.ഐ.ടി വിദഗ്ധൻ ഡോ. മഹേഷ് ടണ്ടനെ പാലം പരിശോധനയ്ക്കായി ഇ ശ്രീധരന്‍ വിളിച്ചു വരുത്തിയിരുന്നു. നിർമാണത്തിൽ ഗുരുതര ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയ ചെന്നൈ ഐഐടിയിൽ നിന്നുള്ള വിദഗ്ധ സംഘവും പരിശോധനയിൽ പങ്കെടുത്തു. പരിശോധനയുടെ വിശദാംശങ്ങളെ പറ്റി പ്രതികരിക്കാൻ ഇ.ശ്രീധരൻ തയ്യാറായില്ല.

അറ്റകുറ്റപ്പണിയിലൂടെ പാലത്തിന്റെ ബലക്ഷയം പരിഹരിക്കാനുള്ള സാധ്യതകളടക്കം സംഘം വിലയിരുത്തും. അറ്റകുറ്റ പണികൾ പൂർത്തിയാക്കി പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്. സംസ്ഥാന സർക്കാരുമായി ആലോചിച്ച് കോൺക്രീറ്റ് സ്പെഷ്യലിസ്റ്റിനെ കൊണ്ട് പാലം പരിശോധിപ്പിക്കുന്നതടക്കമുള്ള തുടർ നടപടികൾക്ക് ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. അതേസമയം പാലത്തിന്റെ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.