LiveTV

Live

Kerala

സി.ഒ.ടി നസീർ വധശ്രമ കേസ്: മുഖ്യ സൂത്രധാരനെ അറസ്റ്റ് ചെയ്യാതെ പൊലീസ്

മറ്റൊരു കേസിലെ ശിക്ഷാവിധി കേൾക്കാനായി സന്തോഷ് തലശേരി കോടതിയിലെത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല.

സി.ഒ.ടി നസീർ വധശ്രമ കേസ്: മുഖ്യ സൂത്രധാരനെ അറസ്റ്റ് ചെയ്യാതെ പൊലീസ്

സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യ സൂത്രധാരൻ പൊട്ട്യൻ സന്തോഷിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. മറ്റൊരു കേസിലെ ശിക്ഷാവിധി കേൾക്കാനായി സന്തോഷ് തലശേരി കോടതിയിലെത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റ് സുമേഷിനെ അക്രമിച്ച കേസിൽ സന്തോഷടക്കം ആറ് പ്രതികളെ കോടതി 10 വർഷം കഠിന തടവിന് ശിക്ഷിച്ചു.

സി.ഒ.ടി നസീറിന് നേരെയുണ്ടായ വധശ്രമം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ചൊക്ലി സ്വദേശി പൊട്ട്യൻ സന്തോഷ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സന്തോഷ് കർണ്ണാടകയിൽ ഒളിവിൽ ആണെന്നായിരുന്നു പൊലീസ് ഭാഷ്യം. സന്തോഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിട്ടുണ്ടെന്നായിരുന്നു ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ പോലീസിന്റെ കൺമുന്നിലൂടെ സന്തോഷ് തലശ്ശേരി സെഷൻസ് കോടതിയിൽ എത്തിയത്.സി.ഒ.ടി വധശ്രമ കേസ് അന്വേഷിക്കുന്ന എസ്.ഐ ഉൾപ്പെടെ ഈ സമയം കോടതി മുറ്റത്തുണ്ടായിരുന്നു.

2008ൽ ആർ.എസ്.എസ് നേതാവ് സുമേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷാവിധി കേൾക്കാനാണ് സന്തോഷ് കോടതിയിലെത്തിയത്. സുമേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ സന്തോഷ് ഉൾപ്പടെ ആറ് പ്രതികൾക്ക് 10 വർഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. തുടർന്ന് ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഏറെക്കാലമായി തലശേരി മേഖലയിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലും പൊട്ട്യൻ സന്തോഷിന് പങ്കുണ്ടെന്നാണ് ആരോപണം. കേസില്‍ ശിക്ഷിക്കപ്പെട്ട സന്തോഷിനെ സി.ഒ.ടി നസീർ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും.