LiveTV

Live

Kerala

അരുണാചലില്‍ മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി

മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും കുടുംബത്തിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.

അരുണാചലില്‍ മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി

അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഷെരിന്‍റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും കുടുംബത്തിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.

ഇന്ന് രാവിലെയാണ് അഞ്ചരക്കണ്ടി കുഴിമ്പാലോട് മൊട്ടയിലുളള ഷെരിന്‍റെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്. ഷെരിന്‍റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയതായി ബന്ധുക്കളെ അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ അടക്കമുളളവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അപകടത്തില്‍പെട്ട വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചെന്ന വിവരം മാത്രമാണ് വ്യോമസേന കുടുംബത്തെ അറിയിച്ചിട്ടുളളത്.

ഏഴ് വര്‍ഷം മുന്‍പാണ് ഷെരിന്‍ വ്യോമസേനയില്‍ ചേര്‍ന്നത്. ജൂണ്‍ മൂന്നിനായിരുന്നു ഷെരിനടക്കം 13 പേര്‍ സഞ്ചരിച്ച വിമാനം അരുണാചല്‍ പ്രദേശില്‍ അപകത്തില്‍പെട്ടത്. കുഴിമ്പിലോട് മെട്ടയിലെ പി.കെ പവിത്രന്‍റെയും എന്‍.കെ ശ്രീജയുടെയും മകനാണ് ഷെരിന്‍.