LiveTV

Live

Kerala

തിരിച്ചെത്തിയ നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു

ആരോപണ വിധേയനായ എ.സി.പി പി.എസ് സുരേഷ് മട്ടാഞ്ചേരി ഡി.സി.പിയായും ചുമതലയേറ്റു

തിരിച്ചെത്തിയ നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു

കാണാതായി തിരിച്ചെത്തിയ എറണാകുളം സെൻട്രൽ മുന്‍ സി.ഐ നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു. സംഭവത്തിൽ ആരോപണ വിധേയനായ എ.സി.പി പി.എസ് സുരേഷ് മട്ടാഞ്ചേരി ഡി.സി.പിയായും ചുമതലയേറ്റു. സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയുമായി ഇരുവരും കൂടിക്കാഴ്‌ച നടത്തി. താനും നവാസും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും ഡി.സി.പി സുരേഷ് പറഞ്ഞു.

12 മണിയോടെ രണ്ടാളെയും കമ്മീഷണര്‍ വിളിച്ച് വരുത്തുകയും വിശദമായി സംസാരിക്കുകയും ചെയ്തു. ഒരുമിച്ച് ജോലി ചെയ്യാന്‍ തയാറാണെന്ന് ഇരുവരും അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് തന്നെ ചുമതലയേല്‍ക്കാന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചക്ക് ശേഷം ഒരുമിച്ചാണ് ഇരുവരും പുറത്തേക്ക് എത്തിയത്. നവാസുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഡി.സി.പി പി.എസ് സുരേഷ് പ്രതികരിച്ചു.

ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയാണെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും സി.ഐ നവാസ് പ്രതികരിച്ചു. അസി.പൊലീസ് കമ്മിഷണർ പി.എസ് സുരേഷുമായി വയർലെസ് സെറ്റിലൂടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ കാണാതായ നവാസിനെ തമിഴ്‌നാട്ടിലെ കരൂരിൽ നിന്ന് കണ്ടെത്തി ശനിയാഴ്ച തിരിച്ചെത്തിക്കുകയായിരുന്നു. മനഃസമാധാനം തേടിയാണ് താൻ നാട്ടിൽ നിന്ന് മാറിനിന്നതെന്നാണ് തിരിച്ചെത്തിയ ശേഷം നവാസ് പ്രതികരിച്ചിരുന്നു.