LiveTV

Live

Kerala

നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ നിന്ന് പിരിച്ചുവിട്ട എ.ഐ.ടി.യു.സി നേതാവിന് വേണ്ടി അസാധാരണ ഉത്തരവ്

മദ്യക്കടത്ത് കേസില്‍ റിമാന്‍റിലായതിനെ തുടര്‍ന്ന് പിരിച്ചുവിട്ട കാസിമിനെ തിരിച്ചെടുക്കണമെന്നാണ് ഉത്തരവ്.

നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ നിന്ന് പിരിച്ചുവിട്ട എ.ഐ.ടി.യു.സി നേതാവിന് വേണ്ടി  അസാധാരണ ഉത്തരവ്

മദ്യക്കടത്ത് കേസില്‍ റിമാന്‍ഡിലായ എ.ഐ.ടി.യു.സി നേതാവിനെ നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ ജോലിയില്‍ തിരിച്ചെടുക്കാന്‍ കൃഷി വകുപ്പിന്റെ അസാധാരണ ഉത്തരവ്. തുടര്‍ച്ചയായി 10 ദിവസം അവധിയെടുക്കുന്നവരെ പിരിച്ചുവിടണമെന്ന ചട്ടം മറികടന്നാണ് കൃഷിവകുപ്പ് ഡയറക്ടര്‍ വിവാദ ഉത്തരവിട്ടത്.

കരാര്‍ ജീവനക്കാര്‍ 10 ദിവസം തുടര്‍ച്ചയായി അവധി എടുത്താല്‍ അവരെ പിരിച്ചുവിടണമെന്നാണ് ചട്ടം. ഓറഞ്ച് ഫാമില്‍ രോഗം മൂലവും മറ്റ് അത്യാവശ്യങ്ങള്‍ക്കും അവധി എടുത്തവര്‍ വരെ ഈ രൂപത്തില്‍ പിരിച്ചുവിടപ്പെട്ടിട്ടുണ്ട്. മദ്യം കടത്തിയ കേസില്‍ ജയിലില്‍ കഴിഞ്ഞതിനാല്‍ തുടര്‍ച്ചയായി 19 ദിവസം ജോലിക്ക് ഹാജരാകാത്തതിനാല്‍ എ.ഐ.ടി.യു.സി ഓറഞ്ച് ഫാം യൂണിറ്റിലെ ക്വാഷല്‍ തൊഴിലാളി യൂണിയന്‍ സെക്രട്ടറി എം.കാസിമിനെ പിരിച്ചുവിട്ടത്. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഡയറക്ടര്‍ ഉത്തരവിട്ടു. ഇന്ന് മുതല്‍ കാസീം ജോലിക്ക് ഹാജരായി.

പിരിച്ചുവിട്ട ക്വാഷല്‍ തൊഴിലാളികളെ തിരിച്ചെടുക്കാറില്ല. ഓറഞ്ച് ഫാം സൂപ്രണ്ടിനോടോ ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസറോടോ വിശദീകരണം പോലും ചോദിക്കാതെയാണ് അസാധാരണ നടപടി. സി.പി.ഐയുടെ ഇടപെടല്‍ മൂലമാണ് ഡയറക്ടറുടെ ഉത്തരവെന്നാണ് ആരോപണം.