LiveTV

Live

Kerala

സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് വി.എസ്

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം,കാര്‍ട്ടൂണ്‍ വിവാദം,കുന്നത്തുനാട് നിലം നികത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെന്ന് വി.എസ് കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് വി.എസ്

സമീപ കാലത്ത് സര്‍ക്കാര്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം,കാര്‍ട്ടൂണ്‍ വിവാദം,കുന്നത്തുനാട് നിലം നികത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെന്ന് വി.എസ് കുറ്റപ്പെടുത്തി. ഇക്കാര്യങ്ങളില്‍ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ച് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

പൊലീസ് കമ്മീഷണറേറ്റ് രൂപീകരിച്ച് പൊലീസിന് മജിസ്റ്റിരിയല്‍ അധികാരം നല്‍കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ രംഗത്ത് വന്നതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവും ഭരണപരിഷ്കാരകമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.പൊലീസ് കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതാണെന്ന് വിഎസ് കത്തില്‍ പറയുന്നു.അധികാരം പൊലീസിന് നല്‍കുന്ന മനുഷ്യാവകാശ ലംഘനത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.

കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഏതെങ്കിലും മതസംഘടനകള്‍ പറയുന്നത് കേട്ട് വീണ്ട് വിചാരമില്ലാതെ എടുത്ത് ചാടരുതെന്നും അങ്ങനെ സംഭവിച്ചാല്‍ മറ്റ് വര്‍ഗ്ഗീയ സംഘടനകള്‍ക്ക് അത് വളമാകുമെന്നും വി.എസ് പറയുന്നുണ്ട്. മതചിഹ്നങ്ങളെ അവഹേളിച്ചത് കാര്‍ട്ടൂണിസ്റ്റല്ല,ബിഷപ്പ് ഫ്രാങ്കോയാണെന്നും വി.എസ് അഭിപ്രായപ്പെടുന്നുണ്ട്. ഭൂപരിഷ്കരണം മുതല്‍ നെല്‍വയല്‍ തണ്ണീര്‍തട നിയമം വരെയുള്ള ഇടത് സര്‍ക്കാര്‍ നയങ്ങളുടെ നിരാസമാണ്കുന്നത്തുനാട് വിഷയത്തില്‍ കാണുന്നത്.നിലം നികത്തല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സംഭവമല്ലാതെ മാറിയിരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെടുന്ന വിഎസ് മൂന്ന് വിഷയങ്ങളിലും ഗൌരവമായി പുനഃപരിശോധന വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.