നിപ കാലയളവിലെ താത്കാലിക തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായി
മെഡിക്കല്‍ കോളേജിലും ആരോഗ്യവകുപ്പിന്റെ മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും അഭിമുഖമില്ലാതെ തന്നെ ഇവര്‍ക്ക് കരാര്‍ നിയമനം നല്‍കും.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ കാലയളവില്‍ ജോലിചെയ്തിരുന്ന താത്കാലിക തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ദിവസവേതനാടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാനാണ് ചര്‍ച്ചയില്‍ തീരുമാനമായത്.
20 ദിവസമായി 47 താത്കാലിക ജീവനക്കാരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം നിപ വന്ന കാലയളവില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്‍പ്പെടെ ജോലി ചെയ്തവരായിരുന്നു ഈ തൊഴിലാളികള്‍. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയത്.
മെഡിക്കല്‍ കോളേജിലും ആരോഗ്യവകുപ്പിന്റെ മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും അഭിമുഖമില്ലാതെ തന്നെ ഇവര്‍ക്ക് കരാര്‍ നിയമനം നല്‍കും. തൊഴിലാളികള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ മൂന്ന് മാസത്തെ കരാറടിസ്ഥാനത്തില്‍ ജോലി നല്‍കും. കരാര്‍ കാലാവധി പിന്നിടുമ്പോള്‍ പുതുക്കി നല്‍കാനും തീരുമാനിച്ചു.
നിപ കാലത്ത് നടത്തിയ സേവനത്തെ തുടര്‍ന്ന് ആ കാലത്ത് ആരോഗ്യമന്ത്രി തൊഴിലാളികള്‍ക്ക് സ്ഥിരനിയമനം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് ലംഘിക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരം നടത്തിയത്