LiveTV

Live

Kerala

പൊലീസുകാരിയെ തീ കൊളുത്തി കൊന്നത് വിവാഹാഭ്യർത്ഥന നിരസിച്ചതിനെന്ന് പൊലീസ്

അതിനിടെ കൊലപാതകത്തിന് മുമ്പും അജാസ് സൗമ്യയെ ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

പൊലീസുകാരിയെ തീ കൊളുത്തി കൊന്നത് വിവാഹാഭ്യർത്ഥന നിരസിച്ചതിനെന്ന് പൊലീസ്

ആലപ്പുഴ മാവേലിക്കരയില്‍ പൊലീസുകാരിയെ തീ കൊളുത്തി കൊന്നത് വിവാഹാഭ്യർത്ഥന നിരസിച്ചതിനെന്ന് പൊലീസ് . അജാസ് കൊല്ലുമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്തമകൻ പോലീസിന് മൊഴി നൽകി. കടം വാങ്ങിയ പണം തിരികെ നൽകാൻ സൗമ്യ ശ്രമിച്ചെങ്കിലും അജാസ് കൈപ്പറ്റിയിരുന്നില്ല. ഭീഷണി ഉണ്ടായിരുന്ന കാര്യം നേരത്തെ തന്നെ വള്ളികുന്നം എസ്.ഐയെ അറിയിച്ചിരുന്നതായി സൗമ്യയുടെ അമ്മ വെളിപ്പെടുത്തി.

അതിരുവിട്ട സൗഹൃദത്തിന് പിന്നാലെ അജാസ് സൗമ്യയോട് വിവാഹാഭ്യർത്ഥന നടത്തി. മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യ ഒഴിഞ്ഞുമാറി. ഇതിലെ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. അജാസിൽ നിന്നും കടംവാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നൽകാൻ സൗമ്യയും അമ്മയും കഴിഞ്ഞ ആഴ്ച കൊച്ചിയിലെത്തിയെങ്കിലും തുക കൈപ്പറ്റാൻ അജാസ് തയ്യാറായില്ല. നേരത്തെ ബാങ്ക് വഴി നൽകിയ പണവും അജാസ് തിരിച്ചയച്ചിരുന്നു. സൗമ്യയെയും അമ്മയെയും കൊച്ചിയിൽ നിന്ന് പ്രതി തന്നെ കാറിൽ തിരികെ ആലപ്പുഴയിൽ എത്തിച്ചു. അജാസിൽ നിന്ന് ഭീഷണിയുള്ള കാര്യം സൗമ്യ വള്ളികുന്നം എസ്.ഐ ധരിപ്പിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി. അക്രമിക്കപ്പെട്ടേക്കുമെന്ന് ഏഴാം ക്ലാസുകാരനായ മൂത്ത മകനോടും സൗമ്യ പറഞ്ഞിരുന്നു. എന്നാൽ ഭീഷണിയുള്ളതായി സൗമ്യ അറിയിച്ചിരുന്നില്ലെന്നാണ് വള്ളികുന്നം പൊലീസിന്റെ പ്രതികരണം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

സൗമ്യയുടെ പോസ്റ്റുമോർട്ടം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ പൂർത്തിയായി. കൊലപാതകത്തിനിടെ പൊള്ളലേറ്റ അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇതുവരെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.

Also read: മാവേലിക്കരയില്‍ പൊലീസുകാരിയെ തീ കൊളുത്തി കൊന്നു; പ്രതി പൊലീസുകാരന്‍