LiveTV

Live

Kerala

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്; ഇരുവിഭാഗം നേതാക്കളുമായും യു.ഡി.എഫ് ആശയ വിനിമയത്തിന് 

ഇരുവിഭാഗം നേതാക്കളുമായും യുഡിഎഫ് നേതാക്കള്‍ ആശയ വിനിമയം നടത്തുന്നുണ്ട്. എന്നാല്‍ രണ്ട് വിഭാഗം തമ്മിലെ നിയമപോരാട്ടാവും തര്‍ക്കവും യുഡിഎഫിന് കീറാമുട്ടിയാകും.

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ്; ഇരുവിഭാഗം നേതാക്കളുമായും യു.ഡി.എഫ് ആശയ വിനിമയത്തിന് 

കേരള കോണ്‍ഗ്രസ് രണ്ട് വിഭാഗമായി മാറിയാലും മുന്നണിയില്‍ തന്നെ നിലനിര്‍ത്താന്‍ യുഡിഎഫ്. ഇരുവിഭാഗം നേതാക്കളുമായും യുഡിഎഫ് നേതാക്കള്‍ ആശയ വിനിമയം നടത്തുന്നുണ്ട്. എന്നാല്‍ രണ്ട് വിഭാഗം തമ്മിലെ നിയമപോരാട്ടാവും തര്‍ക്കവും യുഡിഎഫിന് കീറാമുട്ടിയാകും.

പിളര്‍പ്പ് ഒഴിവാക്കാനാണ് ആദ്യ ഘട്ടത്തില്‍ യു.ഡി.എഫ് നേതാക്കളുടെ ശ്രമം. ഇന്ന് ചേര്‍ന്ന് സംസ്ഥാന സമിതി യോഗം മാറ്റിവെക്കണമെന്ന ആവശ്യം വരെ യു.ഡി.എഫ് നേതാക്കള്‍ വെച്ചു. എന്നാല്‍ രണ്ട് വിഭാഗവും അവരവരുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടെ പിളര്‍പ്പിലേക്ക് പാര്‍ട്ടികള്‍ എത്തി. പിളര്‍പ്പ് യാഥാര്‍ഥ്യമായതോടെ രണ്ട് വിഭാഗത്തെയും മുന്നണിയില്‍ നിര്‍ത്തുന്നതിനെക്കുറിച്ചാണ് നേതാക്കള്‍ ആലോചിക്കുന്നത്.

രണ്ട് വിഭാഗങ്ങളോടും സമദൂരം പാലിച്ച് മുന്നണിയുടെ ഭാഗമായി രണ്ട് കൂട്ടരെയും നിലനിര്‍ത്തുക എന്ന രീതിയാണ് യുഡിഎഫ് ആലോചിക്കുന്നത്. പി.ജെ ജോസഫുമായും ജോസ് കെ മാണിയുമായും രമേശ് ചെന്നത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഫോണില്‍ സംസാരിച്ചു. മുന്നണിയുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്നും ഇരു കൂട്ടരോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമായതിനാല്‍ ഇപ്പോള്‍ മുന്നണി വിടുന്ന കാര്യം രണ്ട് കൂട്ടരും ആലോചിക്കില്ലെന്നാണ് യുഡിഎഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

അതേസമയം സീറ്റ് വിഭജനം ഉള്‍പ്പെടെ ഓരോ ഘട്ടത്തില്‍ രണ്ട് പാര്‍ട്ടികള്‍ ഒരേ മുന്നണയില്‍ നില്‍ക്കുന്നതിന്റെ പ്രശ്നങ്ങള്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നുമുണ്ട്. ഇപ്പോഴത്തെ നടപടികളിലെ നിയമസാധുത ഉന്നയിച്ചുള്ള നിയമപോരാട്ടങ്ങളും അണികളുടെ അകല്‍ച്ചക്കും കാരണമാകും. ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് യു.ഡി.എഫിനെ കുഴക്കുന്ന ചോദ്യം.