LiveTV

Live

Kerala

പിളര്‍പ്പിന് കളമൊരുങ്ങുന്നു; ജോസ് കെ മാണി വിഭാഗത്തിന്റെ സംസ്ഥാനസമിതി യോഗം ഇന്ന് കോട്ടയത്ത്

പാർട്ടി പിടിക്കാൻ ഇരു വിഭാഗവും തുനിഞ്ഞ് ഇറങ്ങിയതോടെ സമവായ ശ്രമങ്ങൾ വിഫലമായി

പിളര്‍പ്പിന് കളമൊരുങ്ങുന്നു; ജോസ് കെ മാണി വിഭാഗത്തിന്റെ സംസ്ഥാനസമിതി യോഗം ഇന്ന് കോട്ടയത്ത്

പിളർപ്പിനു മുന്നോടിയായുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ സംസ്ഥാനസമിതി യോഗം ഇന്ന് കോട്ടയത്ത് ചേരും. യോഗത്തിൽ ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുക്കും. യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ജോസഫ് വിഭാഗം തീരുമാനിച്ചു.

പാർട്ടി പിടിക്കാൻ ഇരു വിഭാഗവും തുനിഞ്ഞ് ഇറങ്ങിയതോടെ സമവായ ശ്രമങ്ങൾ വിഫലമായി. സംസ്ഥാന സമിതി വിളിക്കില്ലെന്ന ജോസഫിൻ്റെ നിലപാടിനെ വെല്ലുവിച്ച് നടത്തുന്ന സംസ്ഥാന സമിതി പിളർപ്പിനുള്ള സാധ്യതകളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

പരമാവധി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ച് ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് തെളിയിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിൻറെ ലക്ഷ്യം. യോഗത്തോടെ ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തീരുമാനിക്കുമെങ്കിലും നേരത്തെ മാണി പക്ഷത്ത് ഉണ്ടായിരുന്ന സി.എഫ് തോമസ് ,ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ജോസ് കെ മാണി വിളിച്ച യോഗത്തിൽ പങ്കെടുത്തേക്കില്ല. ഇതോടെ മാണി പക്ഷത്ത് വിള്ളലുണ്ടാക്കാൻ ജോസഫിന് കഴിയും.

ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്ന എം.എൽ.എമാർക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കാനാണ് ജോസഫ് തീരുമാനിച്ചിരിക്കുന്നത്. സമീപ ദിവസങ്ങളിൽ ഔദ്യോഗിക യോഗം ചേർന്ന് അച്ചടക്ക നടപടി തീരുമാനിക്കും. പരമാവധി പ്രവർത്തകരെ കോട്ടയത്ത് എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഫലത്തിൽ ഇന്നത്തെ യോഗത്തോടെ കേരള കോൺഗ്രസ് രണ്ട് വഴിക്കാവും.