LiveTV

Live

Kerala

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ജോസഫ് വിഭാഗത്തിന്

യു.ഡി.എഫ് നേതാക്കളും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ഒന്നിച്ചുനില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ജോസഫ് വിഭാഗത്തിന്

പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ജോസഫ് വിഭാഗത്തിന്. ജോയ് എബ്രഹാം ജോസ് കെ. മാണിക്കെതിരെ പരസ്യമായി രംഗത്ത് വന്നപ്പോള്‍ സമവായ നീക്കത്തിന് പിന്തുണയറിയിച്ചവരില്‍ സി.എഫ് തോമസും തോമസ് ഉണ്ണിയാടനും ഉള്‍പ്പെടും. യു.ഡി.എഫ് നേതാക്കളും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ഒന്നിച്ചുനില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരള കോണ്‍ഗ്രസ് ഒരിക്കല്‍കൂടി പിളര്‍പ്പിനെ നേരിടുമ്പോള്‍ രണ്ട് പക്ഷവും ശക്തി സംഭരിക്കാനുള്ള ശ്രമത്തിലാണ്. മുതിര്‍ന്ന നേതാക്കളുടെ പിന്തുണ നേടിയ ജോസഫ് വിഭാഗമാണ് ഈ നീക്കത്തില്‍ മുന്നില്‍. ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ ജോയ് എബ്രഹാം സമവായത്തിന് തടസം ജോസ് കെ. മാണിയും കൂട്ടരുമാണെന്ന് തുറന്നു പറഞ്ഞു. സമവായ നീക്കത്തിന് പി.ജെ ജോസഫ് പിന്തുണയറിയിച്ച് ഉന്നതാധികാര സമിതിയിലെ 14 പേര്‍ കത്ത് നല്‍കിയതില്‍ ആദ്യ പേര് സി.എഫ് തോമസ് എം.എല്‍.എയാണ്. മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ കത്തില്‍ ഒപ്പിട്ടുണ്ട്.

അതേസമയം സമവായത്തിന്റെ സാധ്യതകള്‍ തേടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെടുന്നുണ്ട്. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി എന്നിവര്‍ പി.ജെ ജോസഫുമായും ജോസ് കെ. മാണിയുമായും ചര്‍ച്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ തമ്മില്‍ ആശയവിനിയമം തുടരുന്നു. സാധ്യമെങ്കില്‍ നാളെ ഇരു വിഭാഗം നേതാക്കളെ കാണാനും നേതാക്കള്‍ ആലോചിക്കുന്നു.