LiveTV

Live

Kerala

സംസ്ഥാന പ്രസിഡന്റിനെ മറികടന്ന് സംഘടനാ നടപടികള്‍; ഐ.എന്‍.എല്ലില്‍ പ്രതിസന്ധി, എ.പി അബ്ദുല്‍ വഹാബ് അവധിയില്‍

സംസ്ഥാന പ്രസിഡന്റിനെ മറികടന്ന് സംഘടനാ നടപടികള്‍; ഐ.എന്‍.എല്ലില്‍ പ്രതിസന്ധി, എ.പി അബ്ദുല്‍ വഹാബ് അവധിയില്‍

ഐ.എന്‍.എല്ലില്‍ സംസ്ഥാന പ്രസിഡന്റിനെയും പാര്‍ട്ടി ഭരണഘടനയും മറികടന്ന് സംഘടനാ നടപടികളും തീരുമാനങ്ങളും. ഇതിനെ തുടര്‍ന്ന് ഐ.എന്‍.എല്‍ സംസ്ഥാന അധ്യക്ഷന്‍ പ്രഫ. എ.പി അബ്ദുല്‍ വഹാബ് രണ്ട് മാസത്തെ അവധിയില്‍ പ്രവേശിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രഫ.മുഹമ്മദ് സുലൈമാനുമായി ചേര്‍ന്ന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന പരാതി കേരളത്തിലെ ഭാരവാഹികളില്‍ ശക്തമാണ്.

ഐ.എന്‍.എല്‍ സ്ഥാപക അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന കെ.പി ഇസ്മയിലിലെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിയാണ് അവധിയെടുക്കാനുള്ള കടുത്ത തീരുമാത്തിലേക്ക് എ.പി അബ്ദുല്‍ വഹാബിനെ എത്തിച്ചത്. കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം ചുമതല നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ രണ്ടു മാസം അവധി വേണമെന്നുമാണ് അഖിലേന്ത്യാ അധ്യക്ഷന് നല്‍കിയ കത്തില്‍ വഹാബ് പറയുന്നത്.

ഐ.എന്‍.എല്ലിലെ ശക്തരായ നേതാക്കളില്‍ ഒരാളായ കെ.പി ഇസ്മയില്‍ മലപ്പുറം ജില്ലാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നത് കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിലാണ്. കാസിം ഇരിക്കൂര്‍ റിട്ടേണിംഗ് ഓഫീസറായി നടന്ന തെരഞ്ഞെടുപ്പില്‍ വന്ന ജില്ലാ കമ്മിറ്റിക്ക് ആകെയുള്ള പതിനാറ് മണ്ഡലം കമ്മിറ്റികളില്‍ അഞ്ചെണ്ണത്തിന്റെ പിന്തുണ മാത്രമാണ് ഉള്ളത്. ഇസ്മായിലിനോടൊപ്പമുള്ളവരെ വെട്ടിനിരത്താന്‍ കാസിമിന്റെ സഹായത്തോടെ ക്രമക്കേട് നടത്തിയെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു.

എ.പി അബ്ദുല്‍ വഹാബ്
എ.പി അബ്ദുല്‍ വഹാബ്

ഭാരവാഹിത്വത്തില്‍ നിന്നും പുറത്തായ ഇസ്മയില്‍ എല്‍.ഡി.എഫ് പൊതുയോഗത്തില്‍ പാര്‍ട്ടിയെ അറിയിക്കാതെ പ്രസംഗിച്ചെന്ന കാരണം പറഞ്ഞ് നടപടിയെടുത്തു. സംസ്ഥാന പ്രസിഡന്റിനെ അറിയിക്കാതെ ദേശീയ അധ്യക്ഷനും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചേര്‍ന്നാണ് നടപടി തീരുമാനിച്ചത്. ഒരു വര്‍ഷത്തേക്ക് സംഘടനയുടെയും മുന്നണിയുടെയും പരിപാടികളില്‍ വിലക്കുന്നതായിരുന്നു നടപടി.

സൗദി യാത്രയിലായിരുന്ന തന്നെ ഫോണില്‍ വിളിക്കുക പോലും ചെയ്യാതെ നടപടിയെടുത്തതെന്നെ പരാതി സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍വഹാബിനുണ്ട്. വഹാബ് പ്രതിഷേധമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇസ്മയില്‍ പാര്‍ട്ടിക്ക് ചെയ്ത സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയും സംസ്ഥാന നേതൃത്വം ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു.

ഇക്കാര്യം പാര്‍ട്ടി ഭാരവാഹികളുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ കാസിം ഇരിക്കൂര്‍ ശബ്ദ സന്ദേശമായി നല്‍കിയിരുന്നു. ഒരു പാക്കേജ് എന്ന നിലയിലാണ് ഇസ്മയിലിനെയും കോഴിക്കോടുള്ള മറ്റൊരാളെയും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കാസിം ഇരിക്കൂറിന്റെ സന്ദേശത്തിലുള്ളത്. തന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതെന്ന കാസിം ഇരിക്കൂറിന്റെ പരാമര്‍ശത്തിനെതിരെ കെ.പി ഇസ്മയില്‍ ഒരു സന്ദേശം മറ്റൊരു വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. ഈ ശബ്ദ സന്ദേശത്തിന്റെ പേരിലാണ് കെ.പി ഇസ്മയിലിനെ പുറത്താക്കിയത്. നടപടി അറിയിച്ചുള്ള അഖിലേന്ത്യാ അധ്യക്ഷന്റെ വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് ശേഷമാണ് സംസ്ഥാന പ്രസിഡന്റടക്കമുളള നേതാക്കള്‍ വിവരമറിയുന്നത്. പാര്‍ട്ടിയുടെ നയനിലപാടുകള്‍ക്ക് ചേരാത്ത നടപടിയാണിതെന്ന വിമര്‍ശനത്തോടെ ഇസ്മായില്‍ ഇതിനെ എതിര്‍ത്ത് പാര്‍ട്ടിയുടെ മറ്റൊരു ഗ്രൂപ്പില്‍ ശബ്ദ സന്ദേശമയച്ചു. കെ.പി ഇസ്മയിലാനെതിരായ നടപടി തീരുമാനിച്ചത് അഖിലേന്ത്യാ അധ്യക്ഷനും കാസിം ഇരിക്കൂറും മാത്രം ചേര്‍ന്നാണെന്ന വികാരം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അഖിലേന്ത്യാ അധ്യക്ഷനും മാത്രം ചര്‍ച്ച ചെയ്ത് നടപടിയെടുത്തുവെന്ന വികാരമാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം ഭാരവാഹികള്‍ക്കമുള്ളത്.

കാസിം ഇരിക്കൂര്‍
കാസിം ഇരിക്കൂര്‍

ഇസ്മയിലിനെ പുറത്താക്കിയ നടപടിയില്‍ കടുത്ത അമര്‍ഷമാണ് കെപി അബ്ദുല്‍ വഹാബിനുള്ളത്. ഇക്കാര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്നവരുടെ വികാരം കൂടി പരിഗണിച്ചാണ് എ.പി അബ്ദുല്‍ വഹാബ് അവധിയില്‍ പോയതെന്നാണ് വിവരം.

എന്നാല്‍ ഇതുസംബന്ധിച്ച മീഡിയാവണിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സംസ്ഥാന പ്രസിഡണ്ട് പ്രഫ.എ പി അബ്ദുല്‍ വഹാബ് തയ്യാറായില്ല. നിലവില്‍ ആര്‍ക്കും പ്രസിഡണ്ടിന്റെ ചുമതല നല്‍കിയിട്ടില്ലെന്നും സംസ്ഥാന ഭാരവാഹികളുടെ യോഗം ഉടന്‍ വിളിച്ച് ചുമതല നല്‍കുമെന്നാണ് വിവരം. അതിനിടെ സംഘടനാ നടപടികളുടെ പശ്ചാത്തലത്തില്‍ കെ.പി ഇസ്മയില്‍ ചൊവ്വാഴ്ച മലപ്പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

സംസ്ഥാന കൗണ്‍സിലറായ തനിക്കെതിരെ അഖിലേന്ത്യാ അധ്യക്ഷന്‍ നടപടിയെടുത്തത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന വാദമാണ് ഇസ്മയിലിനുള്ളത്. ഇക്കാര്യം ഉന്നയിച്ച് ഇസ്മയില്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം.