LiveTV

Live

Kerala

സി.ഐ നവാസിനെ കൊച്ചിയിലെത്തിച്ചു; മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വിട്ടയച്ചു 

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ നവാസിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

 സി.ഐ നവാസിനെ കൊച്ചിയിലെത്തിച്ചു; മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വിട്ടയച്ചു 

കാണാതായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ് നവാസിനെ ഇന്നലെ വൈകിട്ടോടെ കൊച്ചിയിലെത്തിച്ചു. കളമശ്ശേരി പി.ഡബ്ള്യൂ.ഡി റെസ്റ്റ് ഹൌസില്‍ സി.ഐയെ ഡി.സി.പി പൂങ്കുഴലി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ നവാസിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സി.ഐ നവാസിനെ കൊച്ചിയിലെത്തിച്ചത്. കളമശ്ശേരി റസ്റ്റ് ഹൌസിലെത്തിച്ച സി.ഐ നവാസിനെ ഡി.സി.പി പൂങ്കുഴലി വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. തുടര്‍ന്ന് നവാസിനെ ഏഴരയോടുകൂടി അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കി, നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വിട്ടയച്ചു. പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് നവാസിനെ പാലക്കാട്‌ നിന്നും എറണാകുളത്ത് എത്തിച്ചത്. മേലുദ്യോഗസ്ഥനുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് നവാസ് ഇന്നലെ പ്രതികരിച്ചിരുന്നു. അതേസമയം നവാസിന്റെ ഭാര്യയുടെ പരാതി ലഭിച്ചിട്ടില്ലെന്നും ടി.വിയിലൂടെയാണ് പരാതി കണ്ടതെന്നും പ്രശ്നം വിശദമായി അന്വേഷിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സി.ഐ നവാസിനെ കൊച്ചിയില്‍ നിന്ന് കാണാതായത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കോയമ്പത്തൂരിന് സമീപം കരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തിയത്.