LiveTV

Live

Kerala

യു.എ ഖാദറിനെ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും സന്ദര്‍ശിച്ചു

എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എന്നെ നിലനിര്‍ത്താനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ട് എന്നറിഞ്ഞതിലും സന്തോഷമുണ്ടെന്നും യു.എ ഖാദര്‍ പറഞ്ഞു...

യു.എ ഖാദറിനെ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും സന്ദര്‍ശിച്ചു

സാഹിത്യകാരന്‍ യു.എ ഖാദറിനെ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും സന്ദര്‍ശിച്ചു. യു.എ ഖാദറിന്റെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. എഴുത്തുകാരനെന്ന നിലയില്‍ സര്‍ക്കാര്‍ കാണിക്കുന്ന സമീപനത്തില്‍ സന്തോഷമുണ്ടെന്ന് യു.എ ഖാദര്‍ പ്രതികരിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തിനും കാല്‍മുട്ട് ശസ്ത്രക്രിയയ്ക്കും ശേഷം വിശ്രമത്തിലാണ് യു.എ ഖാദര്‍. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും യു.എ ഖാദറിനെ സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും അസുഖബാധിതയാണ്. തുടര്‍ചികിത്സയ്ക്കായി വലിയ ചെലവ് വരുന്ന സാഹചര്യത്തില്‍ ആ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും മനസിന് വയായ്ക ഉണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറല്ലെന്ന് യു.എ ഖാദര്‍ പറഞ്ഞു. വിഭാഗീയ ചിന്ത വളരുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യപക്ഷത്താണ് താനെന്നും എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എന്നെ നിലനിര്‍ത്താനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ട് എന്നറിഞ്ഞതിലും സന്തോഷമുണ്ടെന്നും യു.എ ഖാദര്‍ പറഞ്ഞു.

യു.എ ഖാദറിന്റെ കോഴിക്കോട് പൊക്കുന്നിലെ അക്ഷരം എന്ന വീട്ടില്‍ ഒരു മണിക്കൂറോളം മന്ത്രിമാര്‍ ചെലവഴിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എയും മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.