LiveTV

Live

Kerala

കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു

ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു

കൊല്ലം കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. പൊള്ളലേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്കര്‍ ലോറി റോഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

വൈകിട്ട് മൂന്നുമണിയോടെ വാളകം വയയ്ക്കലില്‍ വെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് റെഡിമിക്സ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റില്‍ നിന്നും എംസി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്കിന്റെ ഭാഗത്താണ് ബസ് ഇടിച്ചത്.

ബസിലേക്ക് തീ പടര്‍ന്നതോടെ പ്രദേശവാസികള്‍ വാഹനങ്ങളിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. അപകടത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഇതില്‍ സാരമായി പൊള്ളലേറ്റ ബസ് ഡ്രൈവറെയും കണ്ടക്ടറെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസിലെ പതിനഞ്ചോളം യാത്രക്കാര്‍ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.

ടാങ്കര്‍ ലോറി അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ചതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. കൊട്ടാരക്കരയില്‍ നിന്നും മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.