LiveTV

Live

Kerala

ലൈസന്‍സില്ല, ടി നസറുദ്ദീന്റെ കട കോര്‍പ്പറേഷന്‍ പൂട്ടിച്ചു

ടി നസറുദ്ദീന്റെ ഉടമസ്ഥതയിലുള്ള മിഠായിതെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് എന്ന കടയാണ് കോര്‍പ്പറേഷന്‍ അധികൃതരെത്തി പൂട്ടിച്ചത്.

ലൈസന്‍സില്ല, ടി നസറുദ്ദീന്റെ കട കോര്‍പ്പറേഷന്‍ പൂട്ടിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ കോഴിക്കോട് മിഠായിതെരുവിലെ കട കോര്‍പ്പറേഷന്‍ അധികൃതര്‍ പൂട്ടിച്ചു. കഴിഞ്ഞ മുപ്പത് വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്റെ നടപടി. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമായാണ് കടപൂട്ടിച്ചതെന്ന് നസറുദ്ദീന്‍ ആരോപിച്ചു.

ടി നസറുദ്ദീന്റെ ഉടമസ്ഥതയിലുള്ള മിഠായിതെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് എന്ന കടയാണ് കോര്‍പ്പറേഷന്‍ അധികൃതരെത്തി പൂട്ടിച്ചത്. 1988 മുതല്‍ ലൈസന്‍സില്ലാതെയാണ് കട പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ അധികൃതര്‍ അഞ്ച് തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കടയുടമയുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി.

കടയടപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടയിലെ ജീവനക്കാരും ഒരു വിഭാഗം വ്യാപാരികളും പ്രതിഷേധവുമായെത്തി. പൊലീസ് ഇവരെ സ്ഥലത്തു നിന്നും നീക്കം ചെയ്തതിനു ശേഷമാണ് അധികൃതര്‍ കടപൂട്ടി സീല്‍ ചെയ്തത്. എന്നാല്‍, കടക്ക് ലൈസന്‍സ് എടുക്കേണ്ടെന്ന് കോടതി വിധിയുണ്ടെന്നും ലൈസന്‍സ് എടുക്കാന്‍ ഉദ്ദേശമില്ലെന്നുമായിരുന്നു ടി നസറുദ്ദീന്റെ പ്രതികരണം. കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നസറുദ്ദീന്‍ പറഞ്ഞു.