LiveTV

Live

Kerala

സി.ഐ നവാസ് ഉച്ചയോടെ കൊച്ചിയിലെത്തും 

എ.സി.പിയും നവാസും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയും വ്യക്തമാക്കി...

സി.ഐ നവാസ് ഉച്ചയോടെ കൊച്ചിയിലെത്തും 

കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസിനെ കോയമ്പത്തൂരിന് സമീപം കരൂരില്‍ കണ്ടെത്തി. രാമനാഥപുരത്തേക്ക് പോവുകയായിരുന്നുവെന്നും മേലുദ്യോഗസ്ഥനുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും നവാസ് മീഡിയവണിനോട് പറഞ്ഞു. നവാസിനെ ഇപ്പോള്‍ കൊച്ചിയിലേക്ക് കൊണ്ടുപോവുകയാണ്.

കാണാതായി 48 മണിക്കൂര്‍ പിന്നിടുമ്പോഴേക്കാണ് തമിഴ്‌നാട്ടില്‍ നിന്നും ആശ്വാസത്തിന്റെ ആ വാര്‍ത്ത എത്തിയത്. നാഗര്‍കോവില്‍ കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കോയമ്പത്തൂരിന് സമീപം കരൂരില്‍ വച്ചാണ് നവാസിനെ കണ്ടെത്തുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്ക് മധുരയില്‍ വെച്ച് നവാസിനെ തിരിച്ചറിഞ്ഞ ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ സുനില്‍ റെയില്‍വേ പൊലീസിനെയും കേരള പോലിസിനെയും വിവരമറിയിച്ചു.

അപ്പോഴേക്കും നാഗര്‍കോവില്‍ കോയമ്പത്തൂര്‍ ട്രെയിനിലിനെ ലോക്കല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ആരംഭിച്ച നവാസിനെ അഞ്ചു മണിയോടെ റെയില്‍വെ പൊലീസ് കരൂര്‍ സ്‌റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട് നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് നവാസിനെ കൊച്ചിയിലേക്ക് എത്തിക്കുന്നത്. മേലുദ്യോഗസ്ഥനുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് നവാസ് മീഡിയ വണിനോട് പ്രതികരിച്ചു.

അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കുമാറിന്റെ മാനസിക പീഡനവും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും മൂലമാണ് സി.ഐ നാടുവിട്ട് പോകാൻ കാരണമെന്ന ആരോപണവുമായി നേരത്തെ ഭാര്യ രംഗത്തെത്തിയിരുന്നു. ഭർത്താവിനെ കാണാതായി ഒന്നര ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം നവാസിനെ കണ്ടെത്താൻ ശ്രമിച്ചില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും ഇതുവരെ കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും ഭാര്യ വെളിപ്പെടുത്തിയിരുന്നു.

എ.സി.പിയും നവാസും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെയും വ്യക്തമാക്കി. സി.ഐ നവാസിന് പറയാനുള്ളത് കേട്ട ശേഷം തുടര്‍ നടപടിയെടുക്കും. പ്രാഥമിക അന്വേഷണത്തില്‍ ചില കാര്യങ്ങള്‍ പൊലീസിന് ബോധ്യമായിട്ടുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് കാണാതായ നവാസ് കായംകുളം വഴി കൊല്ലത്ത് എത്തിയതായി ഇന്നലെ ഉച്ചയോടെ സ്ഥിരീകരിച്ചിരുന്നു. അവിടെ നിന്ന് മധുരയില്‍ എത്തി നാഗര്‍കോവില്‍ കോയമ്പത്തൂര്‍ ട്രെയിനില്‍ കയറുകയായിരുന്നു.

പൊലീസ് സേനയുടെ അവസ്ഥ ദയനീയമെന്ന് പ്രതിപക്ഷനേതാവ്

കേരള പൊലീസ് നാഥനില്ലാ കളരിയായിരിക്കുന്നുവെന്ന വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എ.ഡി.ജി.പിമാരില്ല പകരം ഐജിമാര്‍ക്ക് ചുമതല കൊടുത്തിരിക്കുന്നു. ജോലിഭാരം വര്‍ധിക്കുന്നു എന്ന പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തി.

ഒരു ദലിത് പൊലീസുകാരന് രാജി വെച്ച് പോകേണ്ട സ്ഥിതി ഉണ്ടാകുന്നു. പൊലീസ് സേന തന്നെ അച്ചടക്കം ഇല്ലാത്ത സ്ഥിതിയിലേക്ക് മാറുന്നത് ആശങ്കാ ജനകമാണ്. ആരോടും ആലോചിക്കാതെ നടത്തുന്ന പരിഷ്‌കാരങ്ങളുടെ പ്രശ്‌നങ്ങളാണ് കാണുന്നത് ജോലി ഭാരം വര്‍ധിക്കുമ്പോള്‍ മാനിസിക സമ്മര്‍ദം കൂടുന്നുവെന്നും ചെന്നിത്തല പറഞ്ഞു.