LiveTV

Live

Kerala

ചെല്ലാനം മേഖലയില്‍ കടലാക്രമണം തുടരുന്നു

ചെല്ലാനം മേഖലയില്‍ കടലാക്രമണം തുടരുന്നു

ചെല്ലാനം മേഖലയില്‍ കടലാക്രമണം തുടരുന്നു. കടലാക്രമണത്തിന്റെ തീവ്രത കുറഞ്ഞ് തുടങ്ങിയത് തീരദേശവാസികള്‍ക്ക് ചെറിയ ആശ്വാസമായിട്ടുണ്ട്. അതേസമയം തീരം സംരക്ഷിക്കാനുള്ള ജിയോ ബാഗുകളുടെ നിര്‍മാണമടക്കം ഇഴഞ്ഞ് നീങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

കടല്‍ക്ഷോഭത്തിന്റെ ഭീതി അകലാതെയാണ് ചെല്ലാനം നിവാസികളുടെ ഓരോ ദിവസവും കടന്ന് പോകുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവില്‍ ജിയോ ബാഗ് നിറച്ച് തീരം സംരക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചുവെങ്കിലും അത് പാതിവഴിയിലാണ്. ആദ്യദിവസങ്ങളെ അപേക്ഷിച്ച് തിരമാലകളുടെ ശക്തി കുറഞ്ഞത് ചെറിയ ആശ്വാസമാകുന്നുണ്ടെങ്കിലും വേലിയേറ്റ സമയത്ത് കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ച് കയറും. തീരം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍ ഒളിച്ച് കളിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Also read: ചെല്ലാനം മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം; കലക്ടര്‍ക്കെതിരെ തിരദേശവാസികളുടെ പ്രതിഷേധം  

കമ്പനിപ്പടി മുതല്‍ കിഴക്കേ ചെല്ലാനം വരെയുള്ള പ്രദേശത്താണ് കടല്‍ക്ഷോഭം തുടരുന്നത്. ചെല്ലാനം സെന്റ് മേരീസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നുവെങ്കിലും ക്യാമ്പുകളില്‍ തങ്ങാന്‍ നാട്ടുകാര്‍ വിസമ്മതിച്ചതോടെ ക്യാമ്പ് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. എറണാകുളം ജില്ലയുടെ തീരദേശ മേഖലകളായ ഞാറക്കല്‍ വൈപ്പില്‍ മേഖലകളിലും കടലാക്രമണത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്.