LiveTV

Live

Kerala

ഉദ്ഘാടനത്തിന് മുന്‍പേ മാഹിക്കനാലിന് കുറുകെ പണിത പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു

രണ്ട് വര്‍ഷം മുന്‍പാണ് പാലത്തിന്റെ പണി ആരംഭിച്ചത്. 8 മീറ്റർ നീളവും 11.50 മീറ്റർ വീതിയുമുള്ള പാലവും 290 മീറ്റര്‍ അപ്രോച്ച് റോഡുമാണ് നിര്‍മ്മിച്ചത്.

ഉദ്ഘാടനത്തിന് മുന്‍പേ മാഹിക്കനാലിന് കുറുകെ പണിത പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു

ഉദ്ഘാടനത്തിന് മുന്‍പേ അപ്രോച്ച് റോഡ് തകര്‍ന്നു. വടകര തണ്ണീര്‍ പന്തല്‍ റോഡില്‍ കല്ലേരി വടകര മാഹിക്കനാലിന് കുറുകെ പണിത പാലത്തിന്റെ അപ്രോച്ച് റോഡാണ് ഉദ്ഘാടനത്തിന് മുന്‍പേ തകര്‍ന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് പാലത്തിന്റെ പണി ആരംഭിച്ചത്. 8 മീറ്റർ നീളവും 11.50 മീറ്റർ വീതിയുമുള്ള പാലവും 290 മീറ്റര്‍ അപ്രോച്ച് റോഡുമാണ് നിര്‍മ്മിച്ചത്. ഈ മാസം അവസാനത്തോടെ പണിപൂര്‍ത്തിയാക്കി പാലം തുറന്ന് കൊടുക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയത്. നിര്‍മ്മാണത്തിലെ അപാകതയാണ് റോ‍‍ഡ് തകര്‍ന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

അശാസ്ത്രീയമായി നിര്‍‌മ്മിച്ച ഓവുചാല്‍ കാരണം റോഡിലേക്ക് വന്‍ തോതില്‍ വെള്ളം കയറിയതാണ് വിള്ളലുണ്ടാവാന്‍ കാരണം. പാലത്തോട് ചേര്‍ന്നുള്ള റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് നേരത്തെ നാട്ടുകാര്‍ ആരോപിച്ചിരുന്നു. റോഡിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു. വടകര-മാഹി കനാൽ വീതികൂട്ടി ജലഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് ഉപരിതല ഗതാഗത വകുപ്പിന് കീഴില്‍ 9 കോടി രൂപ ചെലവിലാണ് പാലവും അപ്രോച്ച് റോഡും പണിതത്.