LiveTV

Live

Kerala

സി.ഒ.ടി നസീറിനു നേരെയുള്ള ആക്രമണം; അന്വേഷണം മുഖ്യ സൂത്രധാരനിലേക്ക്

സന്തോഷിനെ കണ്ടെത്തിയാൽ സംഭവത്തിന്റെ ഗൂഢാലോചനയിലെക്ക് എത്താനാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

സി.ഒ.ടി നസീറിനു നേരെയുള്ള ആക്രമണം; അന്വേഷണം മുഖ്യ സൂത്രധാരനിലേക്ക്

സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം മുഖ്യ സൂത്രധാരനിലേക്ക്. ആക്രമണം ആസൂത്രണം ചെയ്തത് ചൊക്ലി സ്വദേശി പൊട്ട്യന്‍ സന്തോഷെന്ന് പൊലീസ്. സംഭവ ദിവസം സി.പി.എം തലശേരി ഏരിയാ കമ്മറ്റി മുന്‍ ഓഫീസ് സെക്രട്ടറി രാജേഷ് സന്തോഷിനെ പന്ത്രണ്ട് തവണ ഫോണില്‍ ബന്ധപ്പെട്ടു. കേസില്‍ സി.ഒ.ടി നസീറിന്റെ രഹസ്യമൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു.

ശ്രീജിന്‍,റോഷന്‍,അശ്വന്ത് എന്നീ മൂന്ന് പേരാണ് സി.ഒ.ടി നസീറിനെ അക്രമിക്കുന്നതില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ ചൊക്ലി സ്വദേശി പൊട്ട്യന്‍ സന്തോഷാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.പതിനൊന്ന് പേരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ഇവരെ സംഘടിപ്പിച്ചതും കൃത്യം നടപ്പിലാക്കിയതും സന്തോഷാണന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം സി.പി.എം തലശേരി ഏരിയാ കമ്മറ്റി മുന്‍ ഓഫീസ് സെക്രട്ടറി രാജേഷ് 12 തവണ സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തലശേരി എം.എല്‍.എ എ.എന്‍ ഷംസീറും രാജേഷും ചേര്‍ന്നാണ് തന്നെ എം.എല്‍.എ ഓഫീസില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയതെന്ന് നേരത്തെ സി.ഒ.ടി നസീര്‍ മൊഴി നല്‍കിയിരുന്നു.

സന്തോഷ് കുടക് മേഖലയില്‍ ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ കേസില്‍ അറസ്റ്റിലായ റോഷനെയുമായി അന്വേഷണം സംഘം ഇന്ന് തെളിവെടുപ്പിനായി തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരിലേക്ക് പോയി.അക്രമത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് ഇവിടെയാണെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മജിസ്ട്രേട്ടിനു മുന്നില്‍ സി.ഒ.ടി നസീറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്കിയിട്ടുണ്ട്.