LiveTV

Live

Kerala

റണ്‍വെ നവീകരണം; കൊച്ചി അന്താരാഷട്ര വിമാനത്താവളത്തിൽ സര്‍വീസുകള്‍ക്ക് നിയന്ത്രണം

പത്ത് വർഷം കൂടുമ്പോൾ ചെയ്തിരിക്കേണ്ട റൺവേ നവീകരണ ജോലിയാണ് നവംബറിൽ നടക്കുക.

റണ്‍വെ നവീകരണം; കൊച്ചി അന്താരാഷട്ര വിമാനത്താവളത്തിൽ സര്‍വീസുകള്‍ക്ക് നിയന്ത്രണം

റണ്‍വെ നവീകരണവുമായി ബന്ധപ്പെട്ട് കൊച്ചി അന്താരാഷട്ര വിമാനത്താവളത്തിൽ നവംബര്‍ 20 മുതൽ സര്‍വീസുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് സിയാൽ അറിയിച്ചു. നാലുമാസത്തേയ്ക്കാണ് നിയന്ത്രണമുണ്ടാവുക. ഈ കാലയളവിലെ പകല്‍ സമയ സര്‍വീസുകള്‍ രാത്രിയിലേയ്ക്ക് മാറ്റും.

നവംബർ 20 തൊട്ട് രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെയാകും നിര്‍മാണ പ്രവര്‍ത്തനം നടക്കുക. ഈ സമയത്തുള്ള എല്ലാ സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനക്രമീകരിക്കാന്‍ എയര്‍ലൈനുകളോട് സിയാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയത്. നിലവിൽ രാജ്യാന്തര സർവീസുകളിൽ ഭൂരിഭാഗവും വൈകിട്ട് ആറ് മുതൽ രാവിലെ 10 വരെയാണ്.

നിയന്ത്രണം വരുന്നതോടെ 35 ആഭ്യന്തര സര്‍വീസുകള്‍ പുതിയ സമയക്രമത്തിലേയ്ക്ക് മാറേണ്ടിവരും. പ്രതിദിനം ശരാശരി 240 ലാൻഡിങ്ങും ടേക്ക് ഓഫും ഇവിടെ നടക്കുന്നുണ്ട്. പത്ത് വർഷം കൂടുമ്പോൾ ചെയ്തിരിക്കേണ്ട റൺവേ നവീകരണ ജോലിയാണ് നവംബറിൽ നടക്കുക.

ടാറിങ് നടത്തി മണിക്കൂറുകൾക്കുള്ളിൽ ലാൻഡിങ്ങിന് സജ്ജമാക്കുകയും വേണം. നിലവിൽ കാറ്റഗറി വൻ റൺവെ ലൈറ്റിങ് സംവിധാനമാണ് സിയാലിനുള്ളത്. ഇത് കാറ്റഗറി ത്രീ യിലേക്ക് ഉയർത്തും.