LiveTV

Live

Kerala

മാനസികമായി പീഡിപ്പിച്ചു, കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചു: മേലുദ്യോഗസ്ഥനെതിരെ കാണാതായ സി.ഐയുടെ ഭാര്യ  

കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നതായും നവാസിന്‍റെ ഭാര്യ മാധ്യമങ്ങളോട്

മാനസികമായി പീഡിപ്പിച്ചു, കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചു: മേലുദ്യോഗസ്ഥനെതിരെ കാണാതായ സി.ഐയുടെ ഭാര്യ  

സി.ഐ നവാസിന്റെ തിരോധാനത്തിന് കാരണം മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ. നവാസിനെ കാണാതായ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു. ഭാര്യയുടെ പരാതി മൊഴിയായി തന്നാല്‍ അന്വേഷിക്കാമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു. നവാസ് തേവരയിലെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്‍റെ സി.സി.ടി.വി ദ്യശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. ആരോപണ വിധേയനായ എ.സി.പി സുരേഷ് കുമാറില്‍ നിന്നും കൊച്ചി ഡി.സി.പി മൊഴിയെടുത്തു.

സി.ഐ നവാസിന്റെ കാണാതായതിനെ തുടർന്ന് എ.സി.പി സുരേഷ് കുമാർ അടക്കമുള്ള മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. നവാസ് നാട് വിട്ട് പോകാൻ കാരണം അസിസ്റ്റന്‍റ് കമ്മീഷണർ സുരേഷ് കുമാറിന്റെ മാനസികപീഡനവും മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദവുമാണെന്നും ഭാര്യ പറഞ്ഞു.

ഭർത്താവിനെ കാണാതായി ഒന്നര ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം നവാസിനെ കണ്ടെത്താൻ ശ്രമിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും ഇതുവരെ കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും ഭാര്യ വെളിപ്പെടുത്തി. അതേസമയം കേസന്വേഷണത്തിൽ പുതിയ വിവരങ്ങൾ ലഭിച്ചതായും ആളെ കണ്ടെത്തുന്നതിനാണ് പ്രധാന പരിഗണന നൽകുന്നതെന്നും ഐ.ജി വിജയ് സാഖറെ പറഞ്ഞു.

നവാസിന്റെ തിരോധാനം സംബന്ധിച്ച് ഡി.സി.പി പൂങ്കഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിന് പുറമേ കുടുംബത്തിന്റേതടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കാനും ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്.