LiveTV

Live

Kerala

പത്തനംതിട്ട ക്ഷേത്രത്തിലെ സംഘർഷം: 18 പ്രതികൾക്ക് ഒരു വർഷം കഠിന തടവ്

പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്

പത്തനംതിട്ട ക്ഷേത്രത്തിലെ സംഘർഷം: 18 പ്രതികൾക്ക് ഒരു വർഷം കഠിന തടവ്

പത്തനംതിട്ട മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ 18 പ്രതികൾക്ക് ഒരു വർഷം കഠിന തടവും 5000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. ദേവസ്വം കമ്മിഷണറായിരുന്ന സി.പി നായരെ വധിക്കാൻ ശ്രമിച്ചുവെന്നത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെ ശതകോടി അർച്ചനയുമായി ബന്ധപ്പെട്ട് ഉണ്ടായ വെടിവെയ്പും മുൻ ദേവസ്വം കമ്മീഷണര്‍ സി.പി നായരെയും ഉദ്യോഗസ്ഥരേയും ക്ഷേത്ര ഓഫിസിൽ പൂട്ടിയിട്ടെന്നുമായിരുന്നു കേസ്‌. 2002 മാർച്ച് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ശതകോടി അർച്ചനയ്ക്കായി പണം സ്വരൂപിക്കുന്നതിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതി വന്നിരുന്നു. കോടതി നിർദേശ പ്രകാരം റിപോർട്ട് തയ്യാറാക്കാൻ മുൻ ചീഫ് സെക്രട്ടറി കൂടിയായ അന്നത്തെ ദേവസ്വം കമ്മീഷണർ സി.പി നായർ 2002 മാർച്ച് 14ന് ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലെ അസൗകര്യങ്ങൾ പരിഗണിച്ച് അർച്ചന നടത്താൻ കഴിയില്ലെന്ന നിഗമനത്തിൽ അദ്ദേഹമെത്തി. ഇതിൽ പ്രകോപിതരായവർ സി.പി നായരെ ക്ഷേത്ര ഓഫീസിൽ പൂട്ടിയിടുകയായിരുന്നു. ഇതിനിടെ ദേവസ്വം ബോർഡ്, പൊലീസ് വാഹനങ്ങൾക്ക് നേരെ അക്രമണം ഉണ്ടായി. ലാത്തി ചാർജ് നടത്തിയെങ്കിലും അക്രമം നിയന്ത്രിക്കാനാവാതെ വന്നതോടെ പോലീസ് ആകാശത്തേയ്ക്ക് വെടിവെയ്ക്കുകയായിരുന്നു

140 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. വിചാരണ വേളയിൽ 35 പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. അതിൽ 18 പേർക്കാണ് ഇന്ന് ശിക്ഷ വിധിച്ചത് 17 പേരെ വെറുതെ വിട്ടു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് നാർക്കോട്ടിക് സെല്ലും തുടർന്ന് ക്രൈം ബ്രാഞ്ചുമാണ് അന്വേഷിച്ചത്. നാല് മാസമായി തുടർന്ന വിചാരണയിൽ 100ലധികം പേർ സാക്ഷികളായിരുന്നു. 17 വർഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് കേസിൽ വിധി പറഞ്ഞത്.