LiveTV

Live

Kerala

സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം; വ്യാപക നാശനഷ്ടം

പലയിടങ്ങളിലും ക്യാമ്പുകൾ തുറന്നു. മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. തിരുവനന്തപുരം വലിയതുറയിലെ കടലാക്രമണം നേരിട്ട പ്രദേശങ്ങളിലെത്തിയ മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ നാട്ടുകാര്‍ തടഞ്ഞു.

 സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷം. കടലാക്രമണത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. പലയിടങ്ങളിലും ക്യാമ്പുകൾ തുറന്നു. മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. തിരുവനന്തപുരം വലിയതുറയിലെ കടലാക്രമണം നേരിട്ട പ്രദേശങ്ങളിലെത്തിയ മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ നാട്ടുകാര്‍ തടഞ്ഞു.

മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലകളാണ് കേരള തീരത്ത് അനുഭവപ്പെടുന്നത്. വീടുകളിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. മണൽ ചാക്കുകളും കല്ലുകളുമിട്ട് വെള്ളം കയറുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരം വലിയതുറയിൽ പത്തിലധികം വീടുകൾ തകർന്നു. വലിയതുറയില്‍ കടലാക്രമണം നേരിട്ട പ്രദേശങ്ങളിൽ ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിച്ചു. മന്ത്രിക്ക് നേരെ സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്ത് എത്തി. മന്ത്രിയുടെ കാര്‍ തടയാനും ശ്രമിച്ചു. കടൽഭിത്തി നിർമ്മിക്കാനാവശ്യമായ പാറകൾ ഇന്നുതന്നെ ഇറക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

കോഴിക്കോട് കടലുണ്ടിയിൽ ക്യാമ്പ് ആരംഭിച്ചു. 15 കുടുംബത്തെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നുണ്ട്.