LiveTV

Live

Kerala

തലവരി പണം: കോളജിലേക്ക് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം

എസ്.എഫ്.ഐ കോളജിലേക്ക് മാര്‍ച്ച് നടത്തി. എം.എസ്.എഫ് ട്രസ്റ്റ് ഓഫീസ് ഉപരോധിച്ചു.

തലവരി പണം: കോളജിലേക്ക് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം

തലവരി വാങ്ങുന്നുവെന്ന പരാതി ഉയര്‍ന്ന തിരുവനന്തപുരം നാഷണണല്‍ കോളജിലേക്ക് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. എസ്.എഫ്.ഐ കോളജിലേക്ക് മാര്‍ച്ച് നടത്തി. എം.എസ്.എഫ് ട്രസ്റ്റ് ഓഫീസ് ഉപരോധിച്ചു. പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരള യൂനിവേഴ്സിറ്റി വിസി പറഞ്ഞു. തലവരി വാങ്ങുന്നില്ലെന്നും ആശയക്കുഴപ്പമുണ്ടാക്കിയ ട്രസ്റ്റ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന വിശദീകരണവുമായി കോളജ് അധികൃതരും രംഗത്തെത്തി.

എസ്.എഫ്.ഐ ചാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കോളജിലേക്കുള്ള പ്രതിഷേധ മാര്‍ച്ച്. കോളജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. തലവരി വാങ്ങല്‍ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ മുന്നറിയിപ്പ് നല്‍കി. കോളജ് ട്രസ്റ്റ് ഓഫീസില്‍ ഉപരോധിക്കാനെത്തിയ എം.എസ്.എഫ്, യൂത്ത് ലീഗ് നേതാക്കളുമായി മാനേജ്മെന‍്റ് പ്രതിനിധികള്‍ സംസാരിച്ചു. തലവരി വാങ്ങില്ലെന്ന് ഉറപ്പിന്മേല്‍ നേതാക്കള്‍ സമരം പിന്‍വലിച്ചു.

തലവരി വാങ്ങുന്നത് സംബന്ധിച്ച പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരള യൂനിവേഴ്സിറ്റി വി.സി മഹാദേവന്‍ പിള്ള പറഞ്ഞു. അതേസമയം തലവരി സംബന്ധിച്ച ചര്‍ച്ച മാനേജ്മെന്‍റ് അറിയാതെ നടത്തിയതാണെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു. കെ.എസ്.യു ജില്ലാ നേതൃത്വം കേരള യൂനിവേഴ്സിറ്റി വിസിക്ക് പരാതി നല്‍കി.

Also read: ബിരുദ കോഴ്സ് പ്രവേശനത്തിനായി ഒരു ലക്ഷം വരെ തലവരിപ്പണം വാങ്ങി സ്വകാര്യ കോളജ്; ദൃശ്യങ്ങള്‍ മീഡിയവണിന്