LiveTV

Live

Kerala

യു.എന്‍.എ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് എഫ്.ഐ.ആര്‍

ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തി.

യു.എന്‍.എ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് എഫ്.ഐ.ആര്‍

യുനൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. ഒന്നാം പ്രതി ജാസ്മിൻ ഷാ അടക്കമുളളവർ ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. എഫ്.ഐ.ആറിൻറെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

യുനൈറ്റഡ് നഴ്സസ് അസോസിയേഷൻറെ അക്കൌണ്ടിൽ നിന്നും 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിൻറെ എഫ്.ഐ.ആറിൽ പറയുന്നത്. സംഘടനയുടെ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ അടക്കം നാല് പേർ ചേർന്ന് ഗൂഢാലോചന നടത്തി തട്ടിപ്പ് നടത്തുകയായിരുന്നു. വിവിധ സംഘടനകൾക്കും വ്യക്തികൾക്കും തുക കൈമാറിയെന്ന് വ്യാജരേഖയുണ്ടാക്കി. ഇത് വ്യക്തികൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയായിരുന്നു. ഇതിലൂടെ സംഘടനക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.

യു.എൻ.എ അക്കൌണ്ടിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് വൈസ് പ്രസിഡൻറ് സിബി മുകേഷ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ ഡി.ജി.പി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ച് നാല് പേർക്കെതിരെ കേസെടുത്തത്. ജാസ്മിൻ ഷാ ആണ് കേസിൽ ഒന്നാം പ്രതി. യു.എൻ.എ സംസ്ഥാന പ്രസിഡൻറ് ഷോബി ജോസഫ്, ഡ്രൈവർ നിധിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ ജിത്തു, എന്നിവർ രണ്ട് മുതൽ നാല് വരെയുളള പ്രതികളാണ്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്.