LiveTV

Live

Kerala

25,000 രൂപക്ക് വ്യാജ ഡിലിറ്റ് ബിരുദങ്ങള്‍

ഓണ്‍ലൈനില്‍ മാത്രമുള്ള വ്യാജ വിദേശ സര്‍വ്വകലാശാലകളുടെ പേരിലാണ് വ്യാജ ഹോണററി ഡി ലിറ്റ് ബിരുദങ്ങള്‍ നേടിയെടുക്കുന്നത്.

25,000 രൂപക്ക് വ്യാജ ഡിലിറ്റ് ബിരുദങ്ങള്‍

സംസ്ഥാനത്ത് വ്യാജ ഡിലിറ്റ് ബിരുദങ്ങള്‍ വ്യാപകമാകുന്നു. 25,000 രൂപ മുതല്‍ നല്‍കിയാല്‍ വ്യാജ വിദേശ സര്‍വ്വകലാശാലകളുടെ പേരിലുള്ള ഹോണററി ഡോക്ടറേറ്റ് ബിരുദം ആര്‍ക്കും ലഭിക്കും. ഇതിനെതിരെയുള്ള പ്രക്ഷോഭത്തിലാണ് ഗവേഷകരും വിദ്യാര്‍ത്ഥി സംഘടനകളും. വ്യാജ ഡോക്ടറേറ്റ് ബിരുദം നേടിയെന്ന ആരോപണത്തെ തുടര്‍ന്ന് കൊയിലാണ്ടി ബി.ആര്‍ സിയിലെ ബ്ലോക്ക് പ്രൊജക്ട് ഓഫീസര്‍ ബല്‍രാജിനെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു.

ഓണ്‍ലൈനില്‍ മാത്രമുള്ള വ്യാജ വിദേശ സര്‍വ്വകലാശാലകളുടെ പേരിലാണ് വ്യാജ ഹോണററി ഡി ലിറ്റ് ബിരുദങ്ങള്‍ നേടിയെടുക്കുന്നത്. യൂനിവാഴ്‌സിറ്റി ഓഫ് ഏഷ്യ, വെര്‍ച്ചല്‍ യൂനിവാഴ്‌സിറ്റി തുടങ്ങി നിരവധി വ്യാജസര്‍വ്വകലാശാലകളാണ് ഇത്തരത്തില്‍ ഡോക്ടറേറ്റ് നല്‍കുന്നത്. ജര്‍മ്മനി, ഉത്തര കൊറിയ തുടങ്ങിയ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന പേരിലാണ് വ്യാജ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചില സര്‍വ്വകലാശാലകളുടെ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതാകട്ടെ ഡല്‍ഹിയിലും. ഇത്തരത്തില്‍ ഡോക്ടറേറ്റ് ബിരുദംതരപ്പെടുത്താന്‍ സംസ്ഥാനത്ത് ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഒരു ഏജന്റിനെ വിളിച്ചപ്പോള്‍ 25000രൂപയാണ് ആവശ്യപ്പെട്ടത്.

വിവിധ മേഖലകളില്‍ പ്രശസ്തരായവര്‍ക്ക് അവരുടെ സേവനം പരിഗണിച്ച് വിവിധ മാനദണ്ഡങ്ങള്‍ കടന്നാണ് കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഡിലിറ്റ് ബിരുദം നല്‍കുന്നത്. എന്നാല്‍ യാതൊരു മാനദണ്ഡവും ഇല്ലാതെ പണം നല്‍കിയാല്‍ മാത്രം ലഭിക്കാവുന്ന രീതിയിലേക്ക് മാറുകയാണ് ഹോണററി ഡോക്ടറേറ്റുകള്‍.

വ്യാജ ഹോണററി ഡോക്ടറേറ്റുകള്‍ ലഭിച്ചവരാകട്ടെ ഏതെങ്കിലും ഒരു വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ചെന്ന് പറഞ്ഞ് പ്രചരണം നടത്തുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ നിരവധി പേര്‍ ഇത്തരത്തില്‍ വ്യാജ ഡോക്ടറേറ്റ് നേടിയിട്ടുണ്ടെന്ന് ഫോട്ടോകള്‍ തന്നെ തെളിയിക്കുന്നു. കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുള്‍പ്പെടെയുള്ളവര്‍ വ്യാജ ഡോക്ടറേറ്റ് ബിരുദ നേടിയെന്ന ആരോപണം നേരിടുകയാണ്.