LiveTV

Live

Kerala

പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണമെന്ന് ഡി.ആര്‍.ഐ

ആറ് തവണ പ്രകാശ് തമ്പി ദുബൈയിൽ പോയി.

 പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണമെന്ന് ഡി.ആര്‍.ഐ

തിരുവനന്തപുരം വിമാനത്താവളം വഴി ബാലഭാസ്കറിന്റെ സഹായിയായിരുന്ന പ്രകാശ് തമ്പി 60 കിലോ സ്വർണം കടത്തിയെന്ന് ഡി.ആർ.ഐ ഹൈക്കോടതിയില്‍. സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന വിഷ്ണു സോമസുന്ദരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഡി.ആര്‍.ഐ റിപ്പോര്‍ട്ട് നല്‍കിയത്.

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകനാണ് വിഷ്ണു സോമസുന്ദരം എന്നാണ് ഡി.ആർ.ഐ ഹൈക്കോടതിയെ അറിയിച്ചത്. വിഷ്ണുവും കേസിലെ പ്രധാന പ്രതിയായ അഭിഭാഷകനായ ബിജുവും സഹപാഠികളാണ്. സ്വർണം കടത്താൻ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കിയത് വിഷ്ണുവായിരുന്നു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഡി.ആര്‍.ഐ കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് വിഷ്ണു അന്വഷണ സംഘത്തിന് മുന്നിൽ ഈ മാസം 17 ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി അന്ന് തന്നെ വിഷ്ണുവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നും ജാമ്യഹർജി നൽകിയാൽ പരിഗണിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ബാലഭാസ്കറിന്‍റെ സഹായി പ്രകാശ് തമ്പി വിമാനത്താവളം ആറ് തവണയായി 60 കിലോ സ്വർണം കടത്തിയെന്ന് ഡി.ആർ.ഐ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആറ് തവണയായി 10 കിലോ വീതമാണ് കടത്തിയത്. കേസിൽ മലപ്പുറം സ്വദേശി അബ്ദുല്‍ ഹക്കീം, മുഹമ്മദലി എന്നിവരാണ് സ്വർണം വാങ്ങിയിരുന്നത്. ഇവർ ഒളിവിലാണെന്നും ഡി.ആ‍ർ.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.