LiveTV

Live

Kerala

ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ച് പണി നടത്താന്‍ തീരുമാനം

കൊച്ചി മെട്രോ എംഡി സ്ഥാനത്ത് നിന്ന് മുഹമ്മദ് ഹനീഷിനെയും ലാന്റ് റവന്യൂ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് യു.വി ജോസിനേയും മാറ്റി നിയമിച്ചു.

ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ച് പണി നടത്താന്‍  തീരുമാനം

ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ച് പണി നടത്താന്‍ മന്ത്രിസഭാ തീരുമാനം. ആറ് ജില്ലാ കലക്ടര്‍മാരേയും നിരവധി വകുപ്പ് സെക്രട്ടറിമാരേയും മാറ്റി.കൊച്ചി മെട്രോ എംഡി സ്ഥാനത്ത് നിന്ന് മുഹമ്മദ് ഹനീഷിനെയും ലാന്റ് റവന്യൂ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് യു.വി ജോസിനെയും മാറ്റി നിയമിച്ചു.

തെരഞ്ഞെടുപ്പിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ച് പണിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,എറണാകുളം,മലപ്പുറം,കണ്ണൂര്‍ കലക്ടര്‍മാരെ മാറ്റി. കെ. വാസുകി അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ. ഗോപാലകൃഷ്ണനാണ് പുതിയ തിരുവനന്തുപുരം ജില്ലാ കലക്ടര്‍. ഹൗസിംഗ് കമ്മീഷണര്‍ ബി. അബ്ദുള്‍ നാസറാണ് പുതിയ കൊല്ലം ജില്ലാ കലക്ടര്‍.ആലപ്പുഴ ജില്ലാ കലക്ടര്‍ എസ്. സുഹാസിനെ എറണാകുളം ജില്ലാ കലക്ടറായി നിയമിച്ചു. അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദീല അബ്ദുള്ളയാണ് പുതിയ ആലപ്പുഴ കളക്ടര്‍.എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുള്ളയെ എസ്.ജി.എസ്.ടി വകുപ്പ് അഡീഷണല്‍ കമ്മീഷണറായി മാറ്റി നിയമിക്കും. വിവര സാങ്കേതിക വിദ്യാ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായി മാറ്റി നിയമിക്കും. ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കാണ് മലപ്പുറം ജില്ലാ കലക്ടര്‍.കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വ മിഷന്‍ ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി. സുഭാഷിനെയാണ് കണ്ണൂര്‍ ജില്ലാ കലക്ടറായി നിയമിച്ചത്. കെ.എം.ആര്‍.എല്‍. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.

സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിംഗ് ഡയറക്ടറുടെ ചുമതല കൂടി നല്‍കും. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ യു.വി. ജോസിനെ ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ലാന്‍റ് ബോര്‍ഡ് സെക്രട്ടറി സി.എ. ലതയാണ് പുതിയ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിംഗ് ആന്‍ഡ് സ്റ്റേഷനറി എന്നിവയുടെ ചുമതല കൂടി നല്‍കും. കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍കര്‍ക്ക് കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ് ഡയറട്കറുടെ അധിക ചുമതല നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.