LiveTV

Live

Kerala

ബ്രഹ്മഗിരി മാംസ സംസ്‌കരണ പ്ലാന്റിലെ മലിനീകരണത്തിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികള്‍ക്ക് മര്‍ദനം

ജീവനക്കാരും എസ്.ഐ ഉള്‍പ്പടെയുള്ള പൊലീസുകാരും ചേര്‍ന്ന് തങ്ങളെ മര്‍ദിക്കുകയായിരുന്നു എന്നാണ് പ്രദേശവാസികളുടെ ആരോപണം.

ബ്രഹ്മഗിരി മാംസ സംസ്‌കരണ പ്ലാന്റിലെ മലിനീകരണത്തിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികള്‍ക്ക് മര്‍ദനം

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ബ്രഹ്മഗിരി മാംസ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികളെ പൊലീസ് മര്‍ദിച്ചതായി പരാതി. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നും നാട്ടുകാര്‍ ആക്ഷേപിക്കുന്നു.

ബ്രഹ്മഗിരി മാംസ സംസ്‌കരണ കേന്ദ്രത്തില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ട പരിസരവാസികളാണ് കഴിഞ്ഞദിവസം രാത്രിയില്‍ കാര്യം അന്വേഷിക്കാനായി പ്ലാന്റില്‍ എത്തിയത്. എന്നാല്‍ ജീവനക്കാരും എസ്.ഐ ഉള്‍പ്പടെയുള്ള പൊലീസുകാരും ചേര്‍ന്ന് തങ്ങളെ മര്‍ദിക്കുകയായിരുന്നു എന്നാണ് പ്രദേശവാസികളുടെ ആരോപണം.

ബ്രഹ്മഗിരി പ്ലാന്റില്‍ ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തുന്നില്ല. മാംസാവശിഷ്ടങ്ങളും രക്തവും പ്ലാന്റിന്റെ പിന്‍വശത്ത് കുഴിയെടുത്ത് മൂടുകയാണ്. ഇത് പരിസരവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നു. പ്രതിഷേധവുമായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ക്കാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. അതിന് നേതൃത്വം നല്‍കിയ ഏഴുപേര്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തതായും നാട്ടുകാര്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ ആയ സ്ത്രീകളെ നേരിടുമ്പോള്‍ വനിതാപോലീസ് സ്ഥലത്തുണ്ടായിരുന്നില്ലന്നും ആക്ഷേപമുണ്ട്. പരിക്കേറ്റവരെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത നടപടിയില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.