LiveTV

Live

Kerala

കുന്നത്തുനാട് നിലം നികത്തല്‍; അനധികൃതമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പ്രതിപക്ഷം 

റവന്യൂ വകുപ്പിലെ കാര്യങ്ങള്‍ മന്ത്രി അറിയുന്നില്ലെന്നും ആര്‍ക്ക് വേണ്ടിയാണ് നിലം നികത്തിയതെന്ന് നാട്ടില്‍ പാട്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കുന്നത്തുനാട് നിലം നികത്തല്‍;  അനധികൃതമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പ്രതിപക്ഷം 

കുന്നത്തുനാട് നിലം നികത്തലില്‍ വിവാദ വ്യവസായിയുടെ ബിനാമിക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പ്രതിപക്ഷം. ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കിയ റവന്യു വകുപ്പിന്റെ ഉത്തരവ് റദാക്കാന്‍ വൈകുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് നാട്ടിലെങ്ങും പാട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്ന് റവന്യു മന്ത്രി മറുപടി പറഞ്ഞു.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് നികത്തിയ കുന്നത്തുനാട്ടിലെ 5.8 ഹെക്ടര്‍ നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് റദാക്കിയ റവന്യു വകുപ്പിന്റെ നടപടി സംശയത്തിന്റെ നിഴലിലാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഫയലുകള്‍ നീങ്ങിയത് ശരവേഗത്തില്‍, നിയമവകുപ്പിന്റെ റിപ്പോര്‍ട്ടിനായി കാത്തു നിന്നില്ല, ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

നിലം പൂര്‍വസ്ഥിതിയിലാക്കാനുള്ള കളക്ടറുടെ നടപടി ശരിയാണെന്ന് റവന്യുമന്ത്രി പറഞ്ഞു. എന്നാല്‍ ക്രയവിക്രയം തടഞ്ഞ നടപടിയില്‍ പ്രശ്‌നമുണ്ട്. നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

നടപടി വൈകിയാല്‍ വിവാദ കമ്പനി കോടതിയെ സമീപിക്കുമെന്നു പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി. റവന്യു വകുപ്പിന്റെ ഉത്തരവ് റദ്ദാക്കാനോ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനോ തയാറാകാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിനിറങ്ങി പോയി.