LiveTV

Live

Kerala

വായു ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം

നാലര മീറ്റര്‍വരെ ഉയര്‍ന്ന തിരമാലയും അനുഭവപ്പെടുന്നുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെവരെ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വായു ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം

വായു ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ കടലാക്രമണം രൂക്ഷം. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. നാലര മീറ്റര്‍വരെ ഉയര്‍ന്ന തിരമാലയും അനുഭവപ്പെടുന്നുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെവരെ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വലിയതുറയിലും ശംഖുമുഖത്തും കൊച്ചുതോപ്പിലും കടല്‍ക്ഷോഭം രൂക്ഷമാണ്.

കൊല്ലത്ത് കടലില്‍ കാണാതായ തങ്കച്ചരി സ്വദേശി ആഷികിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് ആഷികിനെ കടലില്‍ കാണാതായത്. ആലപ്പുഴയില്‍ ഒറ്റമശേരി, അമ്പലപ്പുഴ, കാക്കാഴം, ആറാട്ടുപുഴ, പുന്നപ്ര എന്നിവിടങ്ങളിലെല്ലാം കടല്‍ക്ഷോഭം രൂക്ഷമാണ്. കോഴിക്കോടും കടല്‍ക്ഷോഭം ശക്തമാണ്. കടലുണ്ടി, കൊയിലാണ്ടി, ബേപ്പൂര്‍ ഭാഗങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

മലപ്പുറം പൊന്നാനിയില്‍ വെളിയംകോട്, പെരുമ്പടപ്പ്, വില്ലേജുകളിലായി അഞ്ച് വീടുകള്‍ പൂര്‍ണമായും പതിനെട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 54 വീടുകളില്‍ വെള്ളം കയറി. വെളിയങ്കോട് ജി.എം.യു.പി സ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ചു. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.