LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് കടലാക്രമണവും രൂക്ഷമാണ്.

അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, കോഴിക്കോട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. മലപ്പുറത്ത് നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്.

താലൂക്ക് തലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. നാലര മീറ്റര്‍വരെ ഉയര്‍ന്ന തിരമാലയും അനുഭവപ്പെടുന്നുണ്ട്.

കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വലിയതുറയിലും ശംഖുമുഖത്തും കൊച്ചുതോപ്പിലും കടല്‍ക്ഷോഭം രൂക്ഷമാണ്. കൊല്ലത്ത് കടലില്‍ കാണാതായ തങ്കച്ചരി സ്വദേശി ആഷികിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് ആഷികിനെ കടലില്‍ കാണാതായത്.

ആലപ്പുഴയില്‍ ഒറ്റമശേരി, അമ്പലപ്പുഴ, കാക്കാഴം, ആറാട്ടുപുഴ, പുന്നപ്ര എന്നിവിടങ്ങളിലെല്ലാം കടല്‍ക്ഷോഭം രൂക്ഷമാണ്. കോഴിക്കോടും കടല്‍ക്ഷോഭം ശക്തമാണ്. കടലുണ്ടി, കൊയിലാണ്ടി, ബേപ്പൂര്‍ ഭാഗങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

മലപ്പുറം പൊന്നാനിയില്‍ വെളിയംകോട്, പെരുമ്പടപ്പ്, വില്ലേജുകളിലായി അഞ്ച് വീടുകള്‍ പൂര്‍ണമായും പതിനെട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രളയസാധ്യതാ പ്രദേശങ്ങളിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് കരുതണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്ക് രാത്രി യാത്ര ഒഴിവാക്കണം, ജലാശയങ്ങളില്‍ ഇറങ്ങരുത്, ബീച്ചുകളിലേക്കും മലയോരമേഖലകളിലേക്കും വിനോദസഞ്ചാരത്തിന് പോകരുത് തുടങ്ങിയ നിര്‍ദേശങ്ങളും ദുരന്തനിവാരണ അതോറിറ്റഇ നല്‍കിയിട്ടുണ്ട്.