LiveTV

Live

Kerala

സാമ്പത്തിക സംവരണത്തിന്റെ മറവില്‍ സീറ്റ് വര്‍ദ്ധന; ഉത്തരവ് തിരുത്തി സര്‍ക്കാര്‍

കോഴ ആരോപണം ഉയർന്ന മെഡിക്കൽ കോളജുകൾക്ക് ഉൾപ്പെടെ സീറ്റ് വർധനക്ക് അനുമതി നല്‍കിയത് വിവാദമായി സാഹചര്യത്തിലാണ് നടപടി.

സാമ്പത്തിക സംവരണത്തിന്റെ മറവില്‍ സീറ്റ് വര്‍ദ്ധന; ഉത്തരവ് തിരുത്തി സര്‍ക്കാര്‍

സാമ്പത്തിക സംവരണത്തിന്റെ മറവില്‍ സ്വാശ്രയ മെഡിക്കൽ കോളേജുകളില്‍ 25 ശതമാനം സീറ്റ് വർധിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. സീറ്റ് വര്‍ധനക്ക് വേണ്ടി മെഡിക്കല്‍ കൌണ്‍സിലിന് അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ കോളജുകള്‍ക്ക് നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു.

കോഴ ആരോപണം ഉയർന്ന മെഡിക്കൽ കോളജുകൾക്ക് ഉൾപ്പെടെ സീറ്റ് വർധനക്ക് അനുമതി നല്‍കിയത് വിവാദമായി സാഹചര്യത്തിലാണ് നടപടി. ന്യൂനപക്ഷ കോളജുകളെ ഒഴിവാക്കിയത് വിവാദമായതിനെ തുടര്‍ന്ന് രാവിലെ ഒരു വട്ടം ഇതേ ഉത്തരവ് സര്‍ക്കാര്‍ തിരുത്തിയിരുന്നു.

സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 9 സർക്കാർ മെഡിക്കൽ കോളേജുകളിലടക്കം മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും 25 ശതമാനം സീറ്റ് വര്‍ധന നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. സാമ്പത്തിക സംവരണം നടപ്പാക്കാന്‍ 25 ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കാമെന്ന് എം.സി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുപയോഗപ്പെടുത്തിയാണ് വന്‍ തോതില്‍ സീറ്റ് വര്‍ധനക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

മെഡിക്കൽ കൌൺസിലിന്റെയോ ആരോഗ്യ സർവകലാശാലയുടേയോ അംഗീകാരമില്ലാത്ത രണ്ട് കോളേജുകളിലും സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി.

വര്‍ധനക്ക് അനുമതി നല്‍കിയ പാലക്കാട് ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളജ്, തിരുവനന്തപുരം വർക്കല എസ്ആർ മെഡിക്കൽ കോളേജ് എന്നിവ ബി.ജെ.പിയുടെ മെഡിക്കൽ കോഴ വിവാദത്തെ തുടർന്ന് പ്രവേശനം തടഞ്ഞ കോളജുകളാണ്.

ന്യൂനപക്ഷ പദവിയുള്ള മുസ്‍ലിം, ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളജുകളെ ഒഴിവാക്കിയാണ് സീറ്റ് വര്‍ധനക്ക് ആദ്യ ഉത്തരവ് ഇറങ്ങിയത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് തിരുത്തി മുഴുവന്‍ കോളജുകള്‍ക്കും സീറ്റ് വര്‍ധനക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കിയത്. ഇത് വീണ്ടും തിരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്.